യുപി: അസംഗഢിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്‌തു. പരാതിയിൽ പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്നാണ് കൗമാരക്കാരി ജീവനൊടുക്കിയത്. സംഭവത്തില്‍ ഒരു പൊലീസ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.
യുപി പൊലീസിന്‍റെ അനാസ്ഥ മറ്റൊരു ജീവൻ കൂടി എടുത്തിരിക്കുകയാണ്. ജൂലെ 29 രാത്രിയോടെയാണ് അസംഗഡ് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകാനായി എത്തിയത്. എന്നാൽ ഇവരുടെ പരാതി പൊലീസ് ചെവിക്കൊണ്ടില്ല. പരാതി സ്വീകരിക്കാതെ പൊലീസ് തിരിച്ചയച്ചതിന് പിന്നാലെ നീതി ലഭിക്കാത്ത നിരാശയില്‍ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു.
സംഭവത്തില്‍ എസ്‌പി അനുരാഗ് ആര്യ കപ്‌തൻഗഞ്ച് പൊലീസ് സ്റ്റേഷൻ തലവൻ മൊഹാരിർ രാഹുൽ കുമാറിനെ സസ്‌പെൻഡ് ചെയ്യുകയും കേസെടുക്കാൻ നിർദേശിക്കുകയും ചെയ്‌തു. അതേസമയം പെൺകുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ആദർശ് നിഷാദ്, നാഗേന്ദ്ര നിഷാദ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. നാഗേന്ദ്ര നിഷാദ് പൊലീസ് കസ്റ്റഡിയിലാണ്.
ആത്മഹത്യ കുറിപ്പ് കണ്ടെത്തി: കപ്‌തൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് മരണപ്പെട്ട പെൺകുട്ടി കഴിഞ്ഞിരുന്നത്. ജൂലൈ 29 ന് രാത്രി 10.30 ഓടെ ആണ് ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് സംഭവത്തില്‍ പൊലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ മൊഹാരിർ രാഹുൽ കുമാറിനോട് പരാതിപ്പെട്ടു. എന്നാൽ കുടുംബാംഗങ്ങളോട് രാവിലെ വരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് നീതി ലഭിക്കില്ലെന്ന് ബോധ്യമായ പെൺകുട്ടി ജീവനൊടുക്കിയത്. പെൺകുട്ടിയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
കോൺസ്റ്റബിൾ സ്റ്റേഷൻ ഇൻചാർജിനെ വിവരം അറിയിച്ചില്ല: കപ്‌തൻഗഞ്ച് സ്റ്റേഷൻ മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, ജൂലൈ 29 ന് രാത്രി 10.30 ഓടെ, പെൺകുട്ടിയുടെ ബന്ധുക്കൾ വാക്കാൽ മൊഹാരിർ രാഹുലിനെ വിവരം അറിയിച്ചിരുന്നു എന്ന് മനസിലായതായി എസ്‌പി അനുരാഗ് ആര്യ പറഞ്ഞു. എന്നാൽ മൊഹറം ഘോഷയാത്രയുടെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഔട്ട്‌പോസ്റ്റ് ഇൻചാർജിനെയും സ്റ്റേഷൻ ഇൻചാർജിനെയും രാഹുൽ കുമാർ വിവരം അറിയിച്ചില്ല. കൂടാതെ പരാതിക്കാരോട് രേഖാമൂലം ഇയാൾ പരാതിയും ആവശ്യപ്പെട്ടില്ല.
കോൺസ്റ്റബിൾ സസ്‌പെൻഷനില്‍: പൊലീസ് സ്‌റ്റേഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മൊഹാരിർ രാഹുൽ കുമാറിനെ അടിയന്തരമായി സസ്‌പെൻഡ് ചെയ്‌തതായി എസ്‌പി അനുരാഗ് ആര്യ അറിയിച്ചു. കൂടാതെ മൊഹാരിർ രാഹുൽ കുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് നിയമനടപടി സ്വീകരിക്കാൻ കപ്‌തൻഗഞ്ച് പൊലീസ് സ്റ്റേഷൻ മേധാവിക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
അതേസമയം രണ്ട് യുവാക്കളാണ് തന്‍റെ സഹോദരിയെ ബലാത്സംഗം ചെയ്‌തതെന്ന് മരിച്ച പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതികളുടെ വീട്ടിലെത്തിയ തന്നെ ഇവർ ഭീഷണിപ്പെടുത്തി ഓടിച്ചെന്നും ഇദ്ദേഹം പറയുന്നു. തുടർന്നാണ് രാത്രിയില്‍ പരാതി നൽകാനായി പൊലീസ് സ്റ്റേഷനിലെത്തിയത്. പക്ഷേ അവർ പരാതി മുഖവിലയ്‌ക്ക് എടുത്തില്ലെന്നും രാവിലെ വരാൻ ആവശ്യപ്പെടുകയായിരുന്നു എന്നും സഹോദരൻ വ്യക്തമാക്കി.
എന്നാല്‍ പുലർച്ചെ മൂന്ന് മണിക്ക് ശേഷം സഹോദരി ആത്മഹത്യ ചെയ്‌തെന്നും ഇദ്ദേഹം അറിയിച്ചു. ജൂലൈ 30ന് രാവിലെ അമ്മ വാതിലിൽ മുട്ടിയപ്പോൾ മുറിയില്‍ നിന്നും ശബ്‌ദമൊന്നും ഉണ്ടായില്ല. കാലുകൊണ്ട് വാതിൽ ചവിട്ടി തുറന്നപ്പോൾ സഹോദരിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും മരിച്ച പെൺകുട്ടിയുടെ സഹോദരൻ വ്യക്തമാക്കി.