ഗയ : ബിഹാറില്‍ മണൽ ഖനനത്തിനെതിരെ പ്രതിഷേധിച്ച സ്‌ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടി പൊലീസ്. സംഭവത്തിന്‍റെ വീഡിയോ വൈറലാണ്. ഗയ ജില്ലയിലെ അഹത്പൂർ ഗ്രാമത്തിലാണ് സംഭവം.
മണല്‍ ഖനനത്തിനായി നദിയില്‍ അതിർത്തി നിർണയിക്കാനെത്തിയ സർക്കാർ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായിരുന്നു പൊലീസ് നടപടി. പ്രദേശത്ത് നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
നദിയില്‍ ഖനനം നടത്തുന്നത് മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. കരാറുകാരും പൊലീസുകാരും ബലം പ്രയോഗിച്ച് നാട്ടുകാരെ ഓടിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസ് കണ്ണീർ വാതകവും, ഷെല്ലുകളും പ്രയോഗിച്ചതായും ഗ്രാമവാസികൾ പറഞ്ഞു.
'പൊലീസിനൊപ്പം മണലെടുപ്പിന് നിയോഗിക്കപ്പെട്ട കരാറുകാരും നദിയുടെ അതിർത്തി നിർണയിക്കാനായി എത്തി. മഴക്കാലത്ത് ഗ്രാമത്തിന് പ്രശ്‌നമുണ്ടാക്കുമെന്നതിനാലും രൂക്ഷമായ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാലും പരിഹാരം കാണാൻ ഞങ്ങൾ സമാധാനപരമായാണെത്തിയത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരും കരാറുകാരും ഞങ്ങളെ ഓടിക്കാൻ ബലം പ്രയോഗിച്ചു'- ഗ്രാമവാസികള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
അതേസമയം ചില ഗ്രാമീണർ ആക്രമിച്ചതിനെ തുടർന്ന് ഒമ്പത് പൊലീസുകാർക്ക് പരിക്കേറ്റതായി എസ്‌പി രാകേഷ് കുമാർ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന മജിസ്‌ട്രേറ്റിനെയടക്കം ആക്രമിച്ചുവെന്നും സംഭവത്തില്‍ കേസെടുത്തതായും എസ്‌പി കൂട്ടിച്ചേര്‍ത്തു.