ജയ്‌പൂര്‍: രാജസ്ഥാനില്‍ യുവതിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബസ്‌വ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മഹേഷ് കുമാർ ഗുർജാറിനാണ് മര്‍ദനമേറ്റത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മഹേഷ് കുമാറിനെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി വിട്ടയച്ചു.
സംഭവത്തിന് പിന്നാലെ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് മഹേഷ് കുമാർ ഗുർജാറിനെയും ബസ്‌വ പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയെയും സസ്‌പെന്‍ഡ് ചെയ്‌തു. എന്നാല്‍ അതിനിടെ ആശുപത്രിയില്‍ നിന്നും വിട്ടയച്ച മഹേഷ് കുമാർ ഗുർജാർ ഒളിവില്‍ പോയി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. രാത്രിയില്‍ തനിച്ചായിരുന്ന ദൗസ സ്വദേശിയായ 30-കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറിയ കോണ്‍സ്റ്റബിള്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതി ബഹളം വച്ചതോടെ നാട്ടുകാരെത്തി ഇയാളെ പിടികൂടി കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ചു. അതിനിടെ സ്ഥലത്തെത്തിയ കുടുംബം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് ബസ്‌വ സർക്കിൾ ഓഫിസർ (സിഒ) ബാൻഡികുയി ഈശ്വർ സിങ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ വ്യാഴാഴ്‌ച (ഓഗസ്റ്റ് 17) യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. പരാതി ലഭിച്ച ഉടന്‍ തന്നെ അന്വേഷണ വിധേയമായി ഇയാളെയും ചൊവ്വാഴ്‌ച നടന്ന സംഭവത്തെ കുറിച്ച് മേലുദ്യോഗസ്ഥരെ വിവരം അറിയിക്കാത്ത എസ്‌എച്ച്‌ഒയെയും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കേസില്‍ പരാതി ലഭിച്ചയുടന്‍ ഒളിവില്‍ പോയ കോണ്‍സ്റ്റബിളിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് സിഒ ബാൻഡികുയി ഈശ്വർ സിങ് പറഞ്ഞു.