ലഖ്‌നൗ : ഒരേ സമയം രണ്ട് സർക്കാർ ജോലികൾ മുറുകെ പിടിക്കാമെന്ന പ്രതീക്ഷയിൽ തന്‍റെ ഡ്യൂട്ടി ഭാര്യാസഹോദരനെ ഏൽപ്പിച്ച് അധ്യാപന ജീവിതം നടത്തിവന്ന പൊലീസ് കോൺസ്റ്റബിൾ അറസ്‌റ്റിൽ. മുസാഫർനഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അനിൽ, ഭാര്യാസഹോദരൻ സുനിൽ എന്നിവരാണ് പിടിയിലായത്.
താക്കൂർദ്വാര പൊലീസ് സ്റ്റേഷനിലെ പൊലീസ് റെസ്പോൺസ് വെഹിക്കിൾ (പിആർവി) പോസ്റ്റിലുള്ള കോൺസ്റ്റബിൾ അവധിയിലാണെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
കഴിഞ്ഞ അഞ്ച് വർഷമായി അനില്‍ സര്‍വീസിലുണ്ട്. ആറ് മാസം മുന്‍പാണ് ഭാര്യാസഹോദരനെ ചുമതലയേല്‍പ്പിക്കുന്നത്. ഭാര്യാസഹോദരൻ ഒരു ദിവസം ഡ്യൂട്ടിയ്‌ക്ക് എത്താത്തതാണ് സംഭവം പുറംലോകം അറിയാൻ കാരണമായതെന്ന് മൊറാദാബാദ് പൊലീസ് സൂപ്രണ്ട് വിദ്യ ശങ്കർ മിശ്ര പറഞ്ഞു.
Also Read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കടയുടമ അറസ്റ്റിൽ
തുടർന്നുള്ള അന്വേഷണത്തിൽ പൊലീസ് കോൺസ്റ്റബിൾ അനിൽ കഴിഞ്ഞ ആറുമാസമായി പിആർവിയിൽ ജോലി ചെയ്യാൻ തന്‍റെ ഭാര്യാസഹോദരനെ നിയോഗിച്ചതായി കണ്ടെത്തി.
സർക്കാർ പ്രൈമറി സ്‌കൂൾ അധ്യാപകനായി അനിലിന് ജോലി ലഭിച്ചതിന് ശേഷമാണ് സുനിലിനെ പൊലീസ് ഡ്യൂട്ടിയുടെ ചുമതല ഏൽപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.