ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ പരിഹസിക്കുന്ന തരത്തില്‍ അനുകരിച്ചത് പോലീസ് കേസിലേക്ക് നീങ്ങുന്നു. ന്യൂഡല്‍ഹിയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലാണ് ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചിരിക്കുന്നത്. സൗത്ത് ഡല്‍ഹിയിലെ ഡിഫന്‍സ് കോളനി പൊലീസ് സ്റ്റേഷനിലും ന്യൂ പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും ഇതുസംബന്ധിച്ച് പരാതിയെത്തി.
എന്നാല്‍ ഇതിലെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് രണ്ടുപരാതികളും നല്‍കിയിരിക്കുന്നത്. ഒരു സംഘം അഭിഭാഷകരാണ് പരാതിക്കാരെന്നാണ് പൊലീസ് അറിയിക്കുന്നത്. പരാതിയുടെ ഉള്ളടക്കത്തെക്കുറിച്ചോ ആര്‍ക്കൊക്കെ എതിരെയാണ് പരാതിയെന്നതിനെക്കുറിച്ചോ വ്യക്തമാക്കാന്‍ ദില്ലി സൗത്ത് ഡിസിപിയും ന്യൂഡല്‍ഹി ഡിസിപിയും തയ്യാറായില്ല.
പാര്‍ലമെന്‍റില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് ഇന്നലെയായിരുന്നു പാര്‍ലമെന്‍റ് മന്ദിരത്തിന് തൊട്ടുവെളിയില്‍ എംപിമാര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഇതിനിടയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം പി കല്യാണ്‍ ബാനര്‍ജി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ പരിഹസിക്കുന്ന തരത്തില്‍ അനുകരിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി ഉള്‍പ്പടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അനുകരണം.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തുന്നതും വീഡിയോകളില്‍ കാണാനുണ്ടായിരുന്നു. ഇതിനെതിരെ ബിജെപി നേതാക്കളുടെ ഭാഗത്തുനിന്ന് നിശിത വിമര്‍ശനമാണ് ഉയര്‍ന്നത്. ലോക്‌സഭയിലുണ്ടായ പുക ആക്രമണത്തില്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സഭയ്ക്കകത്ത് ബഹളം സൃഷ്ടിച്ച പാര്‍ലമെന്‍റംഗങ്ങളെ ഇരുസഭകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. രാജ്യസഭ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ നടപടിയെ കളിയാക്കിക്കൊണ്ടാണ് തൃണമൂല്‍ പാര്‍ലമെന്‍റംഗം അനുകരണം നടത്തിയത്.
പ്രധാനമന്ത്രി മോദിയെ സ്തുതിക്കല്‍ മാത്രമാണ് ഉപരാഷ്ട്രപതിയുടെ ഏക ജോലിയെന്ന് തൃണമൂല്‍ അംഗങ്ങള്‍ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. നേരത്തേ പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരിക്കെ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും തൃണമൂല്‍ സര്‍ക്കാരുമായും നിരന്തരം ഏറ്റുമുട്ടലിലായിരുന്നു ജഗദീപ് ധന്‍കര്‍. അതിനിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ച നടപടിക്കെതിരെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രൂക്ഷമായി പ്രതികരിച്ചു.
കര്‍ഷകര്‍ക്കും ജാട്ട് സമുദായത്തിനും നേരെയുള്ള അവഹേളനമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. അംഗങ്ങളുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ ഉപരാഷ്ട്രപതി തന്‍റെ കര്‍ഷക പശ്ചാത്തലത്തെയാണ് പ്രതിപക്ഷാംഗങ്ങള്‍ കളിയാക്കിയതെന്നും ആരോപിച്ചു. അതേസമയം ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് പിന്തുണയുമായി ജാട്ട് സമുദായാംഗങ്ങളും കര്‍ഷകരും രംഗത്തെത്തി.
ഉപരാഷ്ട്രപതിക്ക് പിന്തുണയുമായി കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലെ ദ്വാരകയില്‍ ഒത്തുചേരല്‍ സംഘടിപ്പിക്കുമെന്ന് ഗ്രാമ മുഖ്യന്‍ ചൗധരി സുരേന്ദ്ര സോളങ്കി അറിയിച്ചു. ഉപരാഷ്ട്രപതിയെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ രാജ്യത്തെ കര്‍ഷകരെയാണ് അവഹേളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.