ധർമപുരി: തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈയ്‌ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌ത് പൊലീസ്. സാമുദായിക സ്‌പർദ്ധ ഉണ്ടാക്കാൻ ശ്രമം നടത്തിയെന്നതടക്കമുള്ള വകുപ്പുകൾ ചേർത്താണ് ധർമപുരി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം പാപ്പിറെഡ്‌ഡിപ്പട്ടിക്കടുത്ത് ബൊമ്മിടിയിലെ കത്തോലിക്കാ പള്ളിയിൽ യുവാക്കളുമായി ഉണ്ടായ വാക്കേറ്റത്തിലാണ് കേസ്.
'എൻ മണ്ണ് എൻ മക്കൾ' എന്ന റാലിക്കിടെ അണ്ണാമലൈ സെന്‍റ് ലൂർദ് പള്ളിയിൽ കയറാനും മാതാവിന്‍റെ പ്രതിമയിൽ മാല ചാർത്താനും ശ്രമിക്കുകയായിരുന്നു. ഇത് പള്ളിയിലുണ്ടായിരുന്നു ഒരു കൂട്ടം യുവാക്കൾ തടഞ്ഞതാണ് വിവാദത്തിന് കാരണമായത്. മണിപ്പൂർ കലാപം ചൂണ്ടിക്കാട്ടി ബിജെപി നേതാവിനെതിരെ മുദ്രാവാക്യവും വിളിച്ചാണ് യുവാക്കൾ എതിർപ്പുമായി എത്തിയത്.
അതേസമയം ഇതൊരു പൊതുസ്ഥലമാണെന്നും ഡിഎംകെയെപ്പോലെ സംസാരിക്കരുതെന്നും പറഞ്ഞ് അണ്ണാമലൈ പ്രതിഷേധക്കാരോട് കയർത്തു. എന്നെ തടയാൻ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്. പതിനായിരം പേരെ അണിനിരത്തി ധർണ നടത്തിയാൽ നിങ്ങൾ എന്ത് ചെയ്യുമെന്ന് അണ്ണാമലൈ ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. കാർത്തിക് എന്നയാളുടെ പരാതിയിൽ 153 (A) , 504, 505(2) വകുപ്പുകൾ ചുമത്തിയാണ് ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തത്.
സംഭവത്തെ തുടർന്ന് ബിജെപി സംസ്ഥാന ഘടകം രംഗത്തെത്തി. അണ്ണാമലൈയെ പള്ളിയിൽ കയറാൻ അനുവദിക്കാതിരുന്നവർ ഭരണകക്ഷിയായ ഡിഎംകെയുടെ ആളുകളാണെന്നാണ് ബിജെപിയുടെ ആരോപണം. തർക്കവുമായി ബന്ധപ്പെട്ട് അണ്ണാമലൈയ്‌ക്കെതിരെ സ്വീകരിച്ച നിയമനടപടിയിൽ ഡിഎംകെ സർക്കാരിനെയും ബിജെപി അപലപിച്ചു.
Also Read: മത വിദ്വേഷം പടര്‍ത്താന്‍ ശ്രമം; സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്