ബെംഗളൂരു: സേവനം വൈകിയെന്നാരോപിച്ച് നടന്ന തർക്കത്തിനിടെ സൊമാറ്റോ ഡെലിവറി ബോയ് ആക്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മേക്കപ്പ് ആർട്ടിസ്‌റ്റും മോഡലുമായ ഹിതേഷ ചന്ദ്രാനിക്കെതിരെയാണ് ഡെലിവറി ബോയ് കാമരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തത്.
തെറ്റായ സംയമനം, ആക്രമണം, മനപൂർവ്വം അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഹിതേഷ ചന്ദ്രാനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ നടന്ന തർക്കത്തിനിടെ ഹിതേഷ തന്നെ ചെരുപ്പുകൊണ്ട് അടിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതായാണ് കാമരാജ് പറയുന്നത്. അതേ സമയം ഡെലിവറി ബോയ് തന്നെ ആക്രമിച്ചുവെന്ന് ആരോപിച്ച് പോസ്‌റ്റ് ചെയ്ത വീഡിയോ വൈറലാകുകയും ഡെലിവറി ബോയിയെ അറസ്‌റ്റ് ചെയ്തതോടെയും ഹിതേഷ തന്‍റെ വീഡിയോ ട്വിറ്ററിൽ നിന്ന് പിൻവലിച്ചു.
എന്നാൽ യുവതിക്ക് ആവശ്യമായ ചികിത്സാ ചെലവ് വഹിക്കാമെന്നും പൊലീസ് അന്വേഷണത്തിൽ സഹകരിക്കുമെന്നും സൊമാറ്റോ സ്ഥാപകൻ ദിപീന്ദർ ഗോയൽ ട്വീറ്റ് ചെയ്തിരുന്നു. അതോടൊപ്പം ഡെലിവറി ബോയിക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം കാമരാജിനെ താത്‌കാലികമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണെന്നും കേസുമായി നിയമപരമായ സേവനങ്ങൾക്ക് ആവശ്യമായ ചെലവുകൾ തങ്ങൾ വഹിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.