ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയത്തെ (എൻഇപി-2020) ലോകരാജ്യങ്ങളും സർവകലാശാലകളും പ്രശംസിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. പല രാജ്യങ്ങളും എൻഇപി പിന്തുടരാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഏറെ കൂടിയാലോചനകൾക്ക് ശേഷം നടപ്പിലാക്കിയ പുതിയ നയങ്ങൾ രാജ്യത്തിന്‍റെ പുരോഗതിയെ പരിപോഷിപ്പിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഡൽഹി സർവകലാശാലയുടെ 97-ാമത് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേംബ്രിഡ്‌ജ് ഉൾപ്പടെയുള്ള സർവകലാശാലകളും യുഎഇ, ഓസ്‌ട്രേലിയ, മൗറീഷ്യസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും ലോകത്തിലെ ഏറ്റവും വലിയ പരിഷ്‌കരണങ്ങളിലൊന്നാണ് എൻഇപി എന്നാണ് വ്യക്തമാക്കുന്നത്. പുതിയ നയം രാജ്യത്തെ വിദ്യാർഥികൾക്ക് പുതിയ അവസരങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 2020 ജൂലൈയിലാണ് കേന്ദ്ര മന്ത്രി സഭ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകിയത്.