ഫിറോസ്‌പൂർ : പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്‌ച പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതി ഫിറോസ്‌പൂരിലെ സംഭവസ്ഥലത്തെത്തി. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയാണ് പരിശോധനക്കായി ഇവിടെയെത്തിയത്.
ഫിറോസ്‌പൂരിലെ പൊതുയോഗത്തിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി കുടുങ്ങിക്കിടന്ന മേൽപ്പാലം ജസ്റ്റിസ് ഇന്ദു മൽഹോത്ര പരിശോധിച്ചു. റാലി നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥലത്തും സംഘമെത്തി. ജസ്റ്റിസ് മൽഹോത്രയ്‌ക്കൊപ്പം ചണ്ഡിഗഡ് ഡിജിപി, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), പഞ്ചാബിലെ എഡിജിപി സെക്യൂരിറ്റി, പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരും ഉണ്ടായിരുന്നു.
ജനുവരി 5നാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫിറോസ്‌പൂരിലെ പ്രതിഷേധക്കാർ തടഞ്ഞത്. പഞ്ചാബിൽ ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെയായി ഏകദേശം 20 മിനിറ്റോളമാണ് പ്രധാനമന്ത്രി ഫ്ലൈഓവറില്‍ കുടുങ്ങിക്കിടന്നത്. ഹുസൈനിവാലയിലെ ദേശീയ രക്ഷസാക്ഷി സ്‌മാരകം സന്ദർശിക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം.
ALSO READ: യു.പിയില്‍ പ്രകടന പത്രിക പുറത്തിറക്കുന്നത് നീട്ടി ബിജെപി
സുരക്ഷാവീഴ്‌ചയെ തുടർന്ന് കേന്ദ്രവും പഞ്ചാബ് സർക്കാരും വെവ്വേറെ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനായി വിരമിച്ച ജസ്റ്റിസ് മെഹ്താബ് സിങ് ഗില്ലിനേയും ആഭ്യന്തര സെക്രട്ടറി അനുരാഗ് വർമ്മയേയും ഉൾപ്പെടുത്തി പഞ്ചാബ് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.
സുരക്ഷ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്‍റലിജൻസ് ബ്യൂറോ, എസ്‌പിജി ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി കേന്ദ്രവും അന്വേഷണ സമിതിയെ രൂപീകരിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രൂപീകരിച്ച സമിതികളെ പിരിച്ചുവിടുകയും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ സംയുക്ത അന്വേഷണ സമിതി രൂപീകരിക്കുകയായിരുന്നു.