ന്യൂഡല്‍ഹി : രാജ്യം വാക്‌സിന്‍ വിതരണത്തില്‍ അപൂര്‍വ നേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വാക്‌സിന്‍ വിതരണം നൂറ് കോടി ഡോസ് പിന്നിട്ടതിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാറിന്‍റെ 'സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് ഓര്‍ സബ്കാ പ്രയാസ്' എന്നിവയുടെ ജീവിക്കുന്ന ഉദാഹരണമാണ് നൂറ് കോടി കുത്തിവയ്‌പ്പ് എന്ന ലക്ഷ്യം. ഇന്ത്യ എങ്ങനെ ഈ നേട്ടം കൈവരിക്കും എന്നതില്‍ പലര്‍ക്കും ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണിത്. രാജ്യത്തിന്‍റെ അച്ചടക്കവും ഒരുമയുമാണ് ഇതോടെ വ്യക്തമായിരിക്കുന്നത്.
Read More: നട്ടെല്ലൊടിക്കുന്ന വര്‍ധന ; ഇന്ധനവില വീണ്ടും കൂട്ടി
100 കോടി വാക്‌സിനേഷന്‍ എന്നത് വെറും സംഖ്യയല്ല, ചരിത്രത്തിലെ പുതിയ അധ്യായമാണ്, രാജ്യം കഠിനമായി പ്രയത്‌നിച്ച് ലക്ഷ്യത്തിലെത്തിയതിന്‍റെ തെളിവാണിത്. രാജ്യം അതിന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി കഠിനാധ്വാനം ചെയ്യുന്നുവെന്നാണ് ഇതില്‍ക്കൂടി വ്യക്തമാകുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം വാക്‌സിന്‍ നല്‍കിയത്. പിന്നീട്, ഫെബ്രുവരി രണ്ടുമുതൽ മുന്നണി പോരാളികളെയും ഉൾപ്പെടുത്തി വികസിപ്പിച്ചു. വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയുടേത് ഉത്കണ്ഠയിൽ നിന്ന് ഉറപ്പിലേക്കുള്ള യാത്രയായിരുന്നെന്നും മോദി പറഞ്ഞു.
പരിഭ്രാന്തി പടര്‍ത്താന്‍ ശ്രമം നടന്നിരുന്നു
രാജ്യത്ത് പരിഭ്രാന്തിയുണ്ടാക്കുന്നതിനും ഭീതി പടര്‍ത്തുന്നതിനും പല ശ്രമങ്ങളും നടന്നിരുന്നു. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പില്‍ ജനം വിശ്വസിച്ചു. ഇതാണ് വലിയ ലക്ഷ്യം നേടാന്‍ സഹായിച്ചത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമയി ആരോഗ്യ പ്രവര്‍ത്തകരേയും മുന്‍നിര പോരാളികളേയും അഭിനന്ദിക്കാനായി വിളക്ക് കത്തിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.
വിളക്ക് കത്തിച്ചാല്‍ കൊവിഡ് വൈറസ് പോകില്ലെന്ന് വിമര്‍ശിച്ചു. രാജ്യത്തിന്‍റെ ഒരുമയും ഒറ്റക്കെട്ടായ പ്രവര്‍ത്തനവും ഊട്ടിയുറപ്പിക്കാനായിരുന്നു ഈ ആഹ്വാനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാർച്ച് 1 മുതലാണ് രാജ്യത്ത് 60 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങിയത്. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കുത്തിവയ്‌പ്പ് നല്‍കി രാജ്യം അതിന്‍റെ കരുത്ത് കാട്ടിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.