സൂറത്ത് (ഗുജറാത്ത്) : ലോകമെമ്പാടും വജ്രവ്യാപാരത്തിന് പേരുകേട്ട സൂറത്ത് നഗരം വജ്രവ്യാപാരത്തിന്‍റെ ആഗോള ശക്തികേന്ദ്രമായി മാറുന്നു. രാജ്യം ഉറ്റുനോക്കുന്ന സൂറത്ത് ഡയമണ്ട് ബോഴ്‌സിന്‍റെ (എസ്‌ഡിബി) ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച നിർവഹിച്ചു (PM Narendra Modi inaugurates Surat Diamond Bourse). അന്താരാഷ്‌ട്ര വജ്ര, ആഭരണ വ്യാപാരത്തിന്‍റെ ലോകത്തിലെ തന്നെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്രമായാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ് കണക്കാക്കപ്പെടുന്നത്.
അമൂല്യ രത്‌നങ്ങളുടെ മേഖലയിലെ മികവിനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണിതെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ബോഴ്‌സ് കോപ്ലക്‌സ് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുന്നതാണെന്നും മോദി ചൂണ്ടിക്കാട്ടി. തൊഴിലാളിയോ കരകൗശല വിദഗ്‌ധനോ ബിസിനസുകാരനോ ആരുമാകട്ടെ, സൂറത്ത് ഡയമണ്ട് ബോഴ്‌സ് എല്ലാവരുടെയും 'വൺ സ്റ്റോപ്പ് സെന്‍ററാ'യി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഇന്ത്യയുടെ ശക്തിയുടെയും നിശ്ചയദാർഢ്യത്തിന്‍റെയും പ്രതീകമായാണ് സൂററ്റ് ഡയമണ്ട് ബോഴ്‌സിനെ പ്രധാന മന്ത്രി വിശേഷിപ്പിച്ചത്. സൂറത്ത് നഗരത്തിലെ വജ്ര, ആഭരണ വ്യവസായത്തിൽ നിലവിലുള്ള 8 ലക്ഷം പേർക്ക് പുറമെ 1.5 ലക്ഷം തൊഴിലവസരങ്ങൾ കൂടി എസ്‌ഡിബി സൃഷ്‌ടിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സൂറത്തിൽ ഇപ്പോൾ ചേർക്കപ്പെട്ട വജ്രം ചെറുതല്ല, ലോകത്തിലെ ഏറ്റവും മികച്ചതാണ്.
ഇന്ത്യൻ ഡിസൈൻ, ഡിസൈനർമാർ, മെറ്റീരിയൽ എന്നിവയുടെ മേന്മയും വൈദഗ്‌ധ്യവുമാണ് എസ്‌ഡിബിയിൽ പ്രതിഫലിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇനി മുതൽ ലോകത്തെ വജ്ര വ്യാപാരമേഖലയെക്കുറിച്ച് ആളുകൾ സംസാരിക്കുമ്പോഴെല്ലാം സൂറത്തും ഇന്ത്യയും പരാമർശിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
35.54 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഈ ഓഫിസ് സമുച്ചയം 3400 കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. വജ്ര ഖനനത്തിന് പേര് കേട്ട ഇന്ത്യയിലെ ഏറ്റവും വലിയ സ്പെഷ്യല്‍ നോട്ടിഫൈഡ് സോണിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 67 ലക്ഷം ചതുരശ്ര അടിയിലായി ഏതാണ്ട് 4500 വജ്ര വ്യാപാര സ്ഥാപനങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
വ്യവസായികളും സന്ദര്‍ശകരും അടക്കം 67,000 ജനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യവും സൂററ്റ് ഡയമണ്ട് ബോഴ്‌സിനുണ്ട്. പരിശോധന പോയിന്‍റുകള്‍, പൊതു അറിയിപ്പുകള്‍ നല്‍കാനുള്ള സൗകര്യം, പ്രവേശനകവാടത്തില്‍ കാര്‍ സ്‌കാനറുകള്‍ തുടങ്ങി നിരവധി സുരക്ഷ നടപടികളും ഇവിടെയുണ്ട്. കെട്ടിടത്തിലെ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി ബില്‍ഡിങ് മാനേജ്മെന്‍റ് സംവിധാനവുമുണ്ട്.
ഡയമണ്ട് റിസർച്ച് ആൻഡ് മെർക്കന്‍റൈൽ (ഡ്രീം) സിറ്റിയുടെ ഭാഗമായ എസ്‌ഡിബി കെട്ടിടത്തിൽ ഇറക്കുമതിക്കും കയറ്റുമതിക്കുമായി അത്യാധുനിക 'കസ്റ്റംസ് ക്ലിയറൻസ് ഹൗസ്', റീട്ടെയിൽ ജ്വല്ലറി ബിസിനസിനുള്ള ജ്വല്ലറി മാൾ, അന്താരാഷ്‌ട്ര ബാങ്കിംഗ് സൗകര്യം എന്നിവ ഉണ്ടായിരിക്കും. ആഭരണങ്ങൾ കൂടാതെ മിനുക്കിയതും അല്ലാത്തതുമായ വജ്രങ്ങളും വ്യാപാരം ചെയ്യുന്നതിനുള്ള ഒരു ആഗോള കേന്ദ്രമായിരിക്കും ഇതെന്നും ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.
ഇതിനകം, മുംബൈയിൽ നിന്നുള്ളവർ ഉൾപ്പെടെ അറിയപ്പെടുന്ന നിരവധി വജ്ര വ്യാപാരികൾക്ക് ഇവിടെ ഓഫിസുകൾ അനുവദിച്ചു കഴിഞ്ഞു. ലേലത്തിലൂടെയാണ് ഈ യൂണിറ്റുകൾ അനുവദിച്ചതെന്ന് എസ്‌ഡിബി പ്രസ്‌താവനയിൽ അറിയിച്ചു. 2015 ഫെബ്രുവരിയിലാണ് എസ്‌ഡിബി സമുച്ചയത്തിനും ഡ്രീം സിറ്റി പദ്ധതിക്കും തറക്കല്ലിട്ടത്.
READ MORE: വജ്ര നഗരിയിലെ സ്വപ്‌ന സൗധം; സൂറത്തിലെ ബോഴ്‌സ് സമുച്ചയം, അറിയേണ്ടതെല്ലാം