മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുംബൈയിലെ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി ഫ്ലാഗ് ഓഫ് ചെയ്‌തു. മുംബൈ-സായിനഗര്‍ ശിര്‍ദി, മുംബൈ-സോളാപൂര്‍ തുടങ്ങിയ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്‌തത്. ഇതോടെ രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 10 ആയി.
'വിദ്യാര്‍ഥികള്‍ക്കും ഓഫിസ് ജീവനക്കാര്‍ക്കും മാത്രമല്ല, തീര്‍ഥാടകര്‍ക്കും കര്‍ഷകര്‍ക്കും വന്ദേ ഭാരത് പദ്ധതി വഴി ഗുണം ചെയ്‌തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരേസമയം, ഇതാദ്യമായാണ് രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. മുംബൈ-പൂനെ തുടങ്ങിയ സാമ്പത്തിക കേന്ദ്രങ്ങളെ മതപരമായി പ്രാധാന്യമുള്ള മേഖലകളുമായി ട്രെയിനുകള്‍ ബന്ധിപ്പിക്കും.
ടൂറിസം മേഖലയ്‌ക്കും തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കും പദ്ധതി ഉപകാരപ്രദമാകും. 17 സംസ്ഥാനങ്ങളിലെ 108ല്‍ അധികം ജില്ലകളെയാണ് വന്ദേ ഭാരത് ട്രെയിന്‍ വഴി ബന്ധിപ്പിക്കാന്‍ സാധിക്കുന്നത്. ആധുനിക ഇന്ത്യയുടെ വ്യക്തമായ പ്രതിഫലനമാണ് വന്ദേ ഭാരത് ട്രെയിന്‍'-പ്രധാനമന്ത്രി പറഞ്ഞു.
വന്ദേ ഭാരത് ജനപ്രീതി നേടിയെന്ന് മോദി: 'ഇന്ത്യയുടെ വളര്‍ച്ചയുടെ വേഗത നിര്‍ണയിക്കുന്ന അളവുകോലാണ് പദ്ധതി. വന്ദേ ഭാരത് പദ്ധതി എത്ര വേഗത്തിലാണ് ഇന്ത്യ പൂര്‍ത്തിയാക്കുന്നതെന്ന് കാണുക. പാര്‍ലമെന്‍റിലെ എം പിമാര്‍ തങ്ങളുടെ നഗരങ്ങളിലും വന്ദേ ഭാരത് പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്'.
നേരത്തെ, എംപിമാര്‍ അവരുടെ മണ്ഡലങ്ങളിലെ എക്‌സ്‌പ്രസ് ട്രെയിനുകള്‍ക്ക് ഹാള്‍ട്ട് നല്‍കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് എനിക്ക് കത്തെഴുതുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ വന്ദേ ഭാരത് ട്രെയിനുകള്‍ അവരുടെ നഗരങ്ങളെയോ മണ്ഡലങ്ങളെയോ ബന്ധിപ്പിക്കണമെന്ന് ആവശ്യപെടുകയാണ്. വന്ദേ ഭാരത് ട്രെയിനുകള്‍ അത്ര മാത്രം ജനപ്രീതി നേടി എന്നതിന്‍റെ തെളിവാണിത്', മോദി അഭിപ്രായപ്പെട്ടു.
വന്ദേ ഭാരത് ബന്ധിപ്പിക്കുന്ന മേഖലകള്‍: ഒന്‍പതാമത്തെ വന്ദേ ഭാരത് ട്രെയിനായ മുംബൈ-സോളാപൂര്‍ ട്രെയിന്‍ രാജ്യത്തിന്‍റെ ടെക്‌സ്‌റ്റൈല്‍ വാണിജ്യ തലസ്ഥാനത്തെ മഹാരാഷ്‌ട്രയിലെ ഹുടാട്‌മാസുമായി ബന്ധിപ്പിക്കുന്നു. കൂടാതെ തീര്‍ഥാടന കേന്ദ്രങ്ങളായ സോളാപൂരിലെ സിദ്ധേഷ്യര്‍, അക്കല്‍കോട്ട്, തുള്‍ജാപൂര്‍, പന്ദര്‍പൂര്‍, ആലണ്ടി തുടങ്ങിയവയുമായും ബന്ധിപ്പിക്കുന്നു. നിലവിലെ സൂപ്പര്‍ ഫാസ്‌റ്റ് ട്രെയിനുകള്‍ ഏഴ് മണിക്കൂറും 55 മിനിറ്റുമെടുക്കുമ്പോള്‍ വന്ദേ ഭാരത് ട്രെയിന് വെറും ആറ് മണിക്കൂറും 30 മിനിറ്റുമാണ് യാത്രയ്‌ക്കായി ചിലവഴിക്കുന്നത്. നിലവിലെ സമയക്രമത്തില്‍ നിന്ന് ഒരു മണിക്കൂറില്‍ താഴെ ലാഭിക്കാന്‍ സാധിക്കും.
കൂടാതെ, പൂനെയിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍, ടെക്‌സ്‌റ്റൈല്‍ ഹബ്ബുകള്‍, ടൂറിസ്‌റ്റ് കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ ഹബ്ബുകള്‍ തുടങ്ങിവയെ പരസ്‌പരം ബന്ധിപ്പിക്കുന്നു. അര്‍ധ ഹൈസ്‌പീഡ് ട്രെയിനായ വന്ദേ ഭാരത് ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതാണ്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് ട്രെയിന്‍ സജ്ജീകരിച്ചിരിക്കുന്നത്.
യാത്രക്കാര്‍ക്ക് കൂടുതല്‍ വേഗതയേറിയതും സൗകര്യപ്രദവുമായ യാത്ര അനുഭവം വന്ദേ ഭാരതിലൂടെ ലഭിക്കുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മുംബൈയില്‍ എത്തുന്നത്. ജനുവരി 19ന് പ്രധാനമന്ത്രി 38,000 കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടാന്‍ ആരംഭിച്ചിരുന്നു.