ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്‍മാര്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദിവസത്തിന്‍റെ ആറ് മണിക്കൂര്‍ പൗരന്‍മാര്‍ സ്‌ക്രീനില്‍ ചിലവഴിക്കുന്നത് വഴി മനുഷ്യന്‍റെ കഴിവുകള്‍ ഇല്ലാതാകുകയാണെന്ന് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 'പരീക്ഷ പേ ചര്‍ച്ച' എന്ന പരിപാടിയുടെ ആറാം പതിപ്പില്‍ വിദ്യാര്‍ഥികളും അധ്യാപകരും മാതാപിതാക്കളുമായുള്ള സംവാദത്തിനിടെയായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം.
'ഏകദേശം ആറ് മണിക്കൂറാണ് ഇന്ത്യന്‍ ജനത സ്‌ക്രീനില്‍ ചിലവഴിക്കുന്നത്. ഇത് ആശങ്കപെടേണ്ട കാര്യമാണ്. ദൈവം നമുക്ക് സമൃദ്ധമായ കഴിവുകള്‍ നല്‍കിയിട്ടും എന്തിനാണ് ഉപകരണങ്ങള്‍ക്ക് അടിമപ്പെട്ടുപോകുന്നതെന്ന്' നരേന്ദ്ര മോദി ചോദിച്ചു.
വിജയങ്ങള്‍ കൈവരിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍: പരിപാടിയില്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമാകുന്ന മറ്റ് വിഷയങ്ങളെക്കുറിച്ചും നരേന്ദ്ര മോദി സംസാരിച്ചു. പഠനസമയങ്ങളിലെ സമയക്രമീകരണം, പരീക്ഷയില്‍ കോപ്പിയടിക്കുന്നതിലുള്ള ദോഷങ്ങള്‍, കുട്ടികളെക്കുറിച്ചുള്ള മാതാപിതാക്കളുടെ പ്രതീക്ഷകള്‍, കുട്ടികള്‍ എങ്ങനെ വിലയിരുത്തപ്പെടുന്നു തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
ജീവിതത്തില്‍ വിജയങ്ങള്‍ കൈവരിക്കുവാനായി സ്വയം വിശ്വാസമര്‍പ്പിക്കുവാനും തങ്ങളുടെ സര്‍ഗാത്മ കഴിവുകള്‍ പ്രകടമാക്കുവാനും കഠിനാധ്വാനം ചെയ്യുവാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. എല്ലാ വര്‍ഷവും തന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ തേടുവാന്‍ നിരവധി വിദ്യാര്‍ഥികള്‍ തന്നെ സമീപിക്കാറുണ്ടെന്നും താനതില്‍ സന്തോഷവാനാണെന്നും വ്യത്യസ്‌തമായ ഒരനുഭവമാണ് അതെന്നും മോദി വ്യക്തമാക്കി.
പരീക്ഷയുടെ സമ്മര്‍ദം എങ്ങനെ ഇല്ലാതാക്കാമെന്ന് വിദ്യാര്‍ഥികള്‍ക്കായി ദേശീയ തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് പരീക്ഷ പേ ചര്‍ച്ച. പത്ത്, പ്ലസ്‌ടു ക്ലാസുകളിലെ കുട്ടികളില്‍ ഉളള പരീക്ഷ പേടിയും ഉത്‌കണ്ഠയും അകറ്റാനായി നടത്തുന്ന പരിപാടിയാണ് ഇത്. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരെയും, മാതാപിതാക്കളെയും ഒന്നിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യവും പരീക്ഷ പേ ചര്‍ച്ചയ്‌ക്കുണ്ട്.
ഇന്ന് രാവിലെ 11 മണിയ്‌ക്ക് രാജ്യതലസ്ഥാനത്ത് വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ജീവിതത്തില്‍ എങ്ങനെ വിജയം കൈവരിക്കാം, സ്‌കൂള്‍ കാലങ്ങള്‍ക്ക് ശേഷമുള്ള ഉത്‌കണ്‌ഠകള്‍ എങ്ങനെ ഇല്ലാതാക്കാം തുടങ്ങിയ നിരവധി വിഷയങ്ങളായിരുന്നു പരിപാടിയില്‍ ചര്‍ച്ച ചെയ്‌തത്.
പരീക്ഷ പേ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയത് ലക്ഷങ്ങള്‍: 2022 നവംബര്‍ 25ന് ആരംഭിച്ച 'പരീക്ഷ പേ ചര്‍ച്ച'യുടെ രജിസ്‌ട്രേഷന്‍ അവസാനിച്ചത് ഡിസംബര്‍ 30നായിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പരിപാടിയ്‌ക്കായി ഏറ്റവുമധികം രജിസ്‌ട്രേഷന്‍ നടന്നത് ഈ വര്‍ഷമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 31.24 ലക്ഷം വിദ്യാര്‍ഥികള്‍, 5.60 ലക്ഷം അധ്യാപകര്‍, 1.95 ലക്ഷം മാതാപിതാക്കള്‍ എന്നിവരടക്കം ആകെ 38.80 ലക്ഷം ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
എന്നാല്‍, 2022 വര്‍ഷത്തില്‍ ആകെ 15.7 പേരാണ് രജിസ്‌റ്റര്‍ ചെയ്‌തത്. ഈ വര്‍ഷം 'പരീക്ഷ പേ ചര്‍ച്ച'യ്‌ക്കായി 150 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, 51 രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകര്‍, 50 രാജ്യങ്ങളില്‍ നിന്നുളള മാതാപിതാക്കള്‍ എന്നിങ്ങനെയാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. സംസ്ഥാന ബോര്‍ഡുകള്‍, സിബിഎസ്‌ഇ, കെവിഎസ്, എന്‍വിഎസ് തുടങ്ങിയ നിരവധി ബോര്‍ഡുകളില്‍ നിന്നുമുള്ള ആളുകള്‍ ആകാംക്ഷപൂര്‍വം പരിപാടിയുടെ ഭാഗമാകാന്‍ എത്തിയിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം മാധ്യമങ്ങളോട് പറഞ്ഞു.
also read:പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 'പരീക്ഷ പേ ചര്‍ച്ച'യുടെ ആറാം പതിപ്പ് ഇന്ന്