ലഖ്‌നൗ: സമ്പത്ത് സൃഷ്‌ടിക്കുന്നവര്‍ക്ക് വളര്‍ച്ചയ്‌ക്കായുള്ള അനുകൂല സാഹചര്യം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവില്‍ ഉത്തര്‍പ്രദേശില്‍ അഞ്ച് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളാണുള്ളതെന്ന് സംസ്ഥാനത്തെ പ്രശംസിച്ചുകൊണ്ട് മോദി പറഞ്ഞു. സംസ്ഥാനത്തെ സമര്‍പ്പിത ചരക്ക് ഇടനാഴികള്‍ ഗുജറാത്തിലെയും മുംബൈയിലെയും തുറമുഖങ്ങളിലേക്ക് തടസമില്ലാതെ ചരക്കുകള്‍ കൈമാറാന്‍ സഹായകമാകുന്നുവെന്ന് 2023ലെ യുപി ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
സദ്‌ഭരണത്തില്‍ പേരുകേട്ട സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. മാത്രമല്ല, മികച്ച ക്രമസമാധാന പാലനം സമൂഹത്തിന് സമാധാനം കൈവരിക്കാന്‍ കാരണമാകുന്നു. ഇത് കൂടാതെ ഫലവത്തായ പുരോഗമനങ്ങള്‍ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നു.
തടസം കൂടാതെയുള്ള വൈദ്യുതി വിതരണം, ലോകോത്തര റോഡുകളെ ബന്ധിപ്പിക്കുന്ന സംവിധാനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങിയവയാണ് സമ്പത്ത് നിക്ഷേപിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഘടകം. എല്ലാ മേഖലയിലും സംസ്ഥാനം പുരോഗതി കൈവരിച്ചിരിക്കുകയാണ്. മാത്രമല്ല, രാജ്യാന്തര തലത്തില്‍ അഞ്ച് വിമാനത്താവളങ്ങളുള്ള സംസ്ഥാനവും ഉത്തര്‍പ്രദേശാണ്-നരേന്ദ്ര മോദി പറഞ്ഞു.
'സംസ്ഥാനത്ത് നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. അതിവേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയില്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്. രാജ്യത്തിന്‍റെ ഈ നേട്ടത്തിന് പ്രധാന പങ്ക് വഹിക്കുന്നത് ഉത്തര്‍പ്രദേശാണ്.
'വികസനത്തിന്‍റെ കാര്യത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഉത്തര്‍പ്രദേശ് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിരിക്കുകയാണ്. സംരംഭകര്‍ക്ക് നിക്ഷേപത്തിന് അവസരം നല്‍കി സംസ്ഥാനത്തേക്ക് കൂടുതല്‍ പണം പമ്പ് ചെയ്യുക എന്നതാണ് യുപിയുടെ പുരോഗമനത്തിന്‍റെ കഥയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.