കൊൽക്കത്ത: പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശനം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്ന് ത്രിണമൂൽ കോൺഗ്രസ്. ഇതിനെതിരെ ത്രിണമൂൽ കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ബംഗ്ലാദേശ് സ്വതന്ത്രമായത്തിന്‍റെ അമ്പതാം വാർഷിക ആഘോഷത്തിന്‍റെയും ഷെയ്ഖ് മുജിബുർ റഹ്മാന്‍റെ ജന്മശതാബ്‌ദിയിലും പങ്കെടുക്കാനായി മാർച്ച് 26,27 തിയതികളിൽ മോദി ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു. മോദിയുടെ സന്ദർശനവും പ്രസംഗങ്ങളും പശ്ചിമബംഗാളിലെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു ത്രിണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.
ടിഎംസി ദേശീയ വക്താവും രാജ്യസഭാ അംഗവുമായ ഡെറക് ഒബ്രയനാണ് പരാതി നൽകിയത്. “പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശനത്തിനിടെ ജനാധിപത്യ ധാർമ്മികതയുടെയും പെരുമാറ്റച്ചട്ടത്തിന്റെയും കടുത്ത ലംഘനം നടത്തിയെന്ന് ഡെറക് ഒബ്രയൻ പറഞ്ഞു.” പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എംപിയായ സാന്താനു താക്കൂറ് മോദിക്കൊപ്പം സന്ദർശനം നടത്തിയതോടെ സന്ദർശനത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം തെളിയിക്കപ്പെട്ടുവെന്ന് ടിഎംസി നേതാവ് ആരോപിച്ചു.
പ്രധാനമന്ത്രിയെ അനുഗമിക്കാൻ തൃണമൂൽ കോൺഗ്രസിൽ നിന്നോ മറ്റ് പാർട്ടികളിൽ നിന്നോ ഒരു എംപിയെയോ പ്രതിനിധിയെയോ ക്ഷണിച്ചിട്ടില്ല. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിദേശ മണ്ണിൽ നിന്ന് ഇടപെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശനം മോശമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഒബ്രയൻ പറഞ്ഞു.
ഭാവിയിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ അദ്ദേഹത്തിനെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെടുന്നു.