ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ (South Africa) നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ (BRICS Summit) ഹ്രസ്വ സംഭാഷണത്തില്‍ ഏര്‍പ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും (Narendra Modi) ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്‌പിങും (Xi Jinping). ബ്രസീല്‍ (Brazil), റഷ്യ (Russia), ഇന്ത്യ (India), ചൈന (China), ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബ്രിക്‌സിന്‍റെ ഉച്ചകോടിയില്‍ നടന്ന നേതാക്കളുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇരുവരും തമ്മില്‍ ഹ്രസ്വമായ സംഭാഷണത്തില്‍ ഏര്‍പ്പെട്ടത്. അതേസമയം അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്തിടെയായി ഇന്ത്യ-ചൈന ബന്ധം വഷളായിരിക്കെയാണ് ഇരുവരുടെയും മുറിസംഭാഷണങ്ങള്‍ എന്നതും ഏറെ ശ്രദ്ധേയമാണ്.
വാര്‍ത്താസമ്മേളനത്തിന് മുമ്പായി നേതാക്കള്‍ക്കായി അനുവദിച്ചിരുന്ന സീറ്റുകളില്‍ ഇരിക്കുന്നതിന് മുമ്പാണ് നരേന്ദ്രമോദിയും ഷി ജിന്‍പിങ്ങും ലഘുസംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് ഇരുവരും അവരവരുടെ സീറ്റുകളിലേക്ക് മടങ്ങി. അതേസമയം ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം വിദേശ, പ്രതിരോധമന്ത്രി തലത്തില്‍ നിരവധി തവണ കൂടിക്കാഴ്‌ചകള്‍ നടന്നിരുന്നു. എന്നാല്‍ അന്നൊന്നും തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ജിന്‍പിങ്ങും ചര്‍ച്ചയ്‌ക്കോ ഫോണില്‍ സംസാരിക്കാനോ കൂട്ടാക്കിയിരുന്നില്ല.
കൈ കൊടുക്കല്‍ പതിവ്, പക്ഷേ: 2022 സെപ്‌റ്റംബറില്‍ സമര്‍കണ്ടില്‍ വച്ച് നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ, ഇരുനേതാക്കളും പരസ്‌പരം അടുത്തടുത്തായി നില്‍ക്കുകയും ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയുമുണ്ടായി. മാത്രമല്ല ഇതിന് ശേഷം ഇരുനേതാക്കളും ഉച്ചഭക്ഷണത്തിലും പങ്കെടുത്തിരുന്നു. എന്നാല്‍ തുടര്‍ന്ന് ഔപചാരിക ചര്‍ച്ചകള്‍ നടത്തിയിരുന്നില്ല. പിന്നീട് ഒരു മാസത്തിന് ശേഷം 2022 നവംബറില്‍ ബാലിയില്‍ നടന്ന ജി 20 വിരുന്നില്‍ നരേന്ദ്രമോദി, ഷി ജിന്‍പിങ്ങിന് അടുത്തേക്ക് നടന്നുചെന്ന് ആശംസകള്‍ കൈമാറിയെങ്കിലും അന്നും കാര്യമായ ചര്‍ച്ചകളുണ്ടായില്ല.
അതേസമയം കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം നിയന്ത്രണ രേഖയില്‍ (LAC) സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതോടെ രാഷ്‌ട്ര തലത്തിലും നേതാക്കള്‍ തമ്മിലുമുള്ള ബന്ധവും ഏറ്റവും മോശാവസ്ഥയിലുമാണ്. മാത്രമല്ല ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിനായി 2020 മുതല്‍ ഇതുവരെ ഇരുപക്ഷവും 19 റൗണ്ട് ചര്‍ച്ചകളാണ് നടത്തിയത്.
അടുത്തിടെ തായ്‌വാനെ ചൈനയുമായി ഏകോപിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് അറിയിച്ചിരുന്നു. മൂന്നാം തവണയും ചൈനയുടെ ഭരണം പിടിച്ചെടുക്കാൻ ഒരുങ്ങവെയായിരുന്നു ഷി ജിന്‍പിങ്ങിന്‍റെ ഈ പ്രസ്‌താവന. ദേശീയ പരമാധികാരം, സുരക്ഷ, വികസന താത്‌പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി രാജ്യത്തിന്‍റെ സൈന്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും ചൈനയിൽ നടന്ന ഒരാഴ്‌ച നീണ്ടുനിൽക്കുന്ന 20-ാമത് കമ്മ്യൂണിസ്‌റ്റ് പാർട്ടി കോൺഗ്രസ് ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് ഷി ജിൻപിങ് അറിയിച്ചിരുന്നു. അതേസമയം തായ്‌വാൻ സ്വയം ഒരു പരമാധികാര രാഷ്‌ട്രമായാണ് കണക്കാക്കപ്പെടുന്നത്.