അഹമ്മദാബാദ്: നാസയോട് കിടപിടിക്കുന്ന രീതിയിലുള്ള ഐഎസ്ആര്‍ഒയുടെ ഇന്‍-സ്‌പേസിന്‍റെ (IN-SPACE ) ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലെ ബോപ്പലിലാണ് ഇന്‍-സ്‌പേസിന്‍റെ ആസ്ഥാനം. ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്‍റര്‍ എന്നാണ് ഇന്‍-സ്‌പേസിന്‍റെ പൂര്‍ണ നാമം.
ബഹിരാകാശ പര്യവേക്ഷണ രംഗത്ത് സ്വകാര്യ മേഖലയേയും സര്‍ക്കാര്‍ മേഖലയേയും കൂട്ടിയോജിപ്പിക്കുക എന്നതാണ് ഇന്‍-സ്‌പേസിന്‍റെ ലക്ഷ്യം. ആത്മനിർഭർ ഭാരതിന്‍റെ ഏറ്റവും വലിയ അംഗീകാരമാണ് ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഇന്‍ സ്‌പേസ് എന്ന് ഉദ്‌ഘാടനവേളയിൽ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. 60ലധികം സ്വകാര്യ കമ്പനികൾ വിപുലമായ തയാറെടുപ്പുകളോടെ രാജ്യത്തെ ബഹിരാകാശ മേഖലകളിൽ മുന്നിട്ട് നിൽക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ബഹിരാകാശ മേഖലയിൽ ഈ സുപ്രധാന മാറ്റം കൊണ്ടുവന്നതിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തെ (ഐഎസ്ആർഒ) മോദി പ്രശംസിച്ചു.
ബഹിരാകാശ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഇൻ-സ്‌പേസ് തുടർച്ചയായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ബഹിരാകാശ വ്യവസായത്തിൽ ഇന്ത്യയുടെ പങ്ക് വർധിപ്പിക്കേണ്ടതുണ്ട്. അതിൽ സ്വകാര്യമേഖല വലിയ പങ്കുവഹിക്കും. ബഹിരാകാശ വിനോദസഞ്ചാരം, ബഹിരാകാശ നയതന്ത്രം എന്നീ മേഖലകളിലും ഇന്ത്യ കഴിവ് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യമേഖലയെ മനസിലാക്കുകയും ബിസിനസ് സാധ്യതകൾ ശരിയായി വിശകലനം ചെയ്യുകയും വേണം. ഇതിനായി ശക്തമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യമേഖലയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള ഏകജാലക, സ്വതന്ത്ര നോഡൽ ഏജൻസിയായി ഇൻ-സ്‌പേസ് പ്രവർത്തിക്കുമെന്ന് മോദി ചടങ്ങിൽ പറഞ്ഞു.
സർക്കാർ കമ്പനികൾ, ബഹിരാകാശ വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള ഏകോപനത്തിനായി ഇന്ത്യ പുതിയ ഇന്ത്യൻ ബഹിരാകാശ നയം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ബഹിരാകാശ മേഖലയിൽ വ്യവസായം ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള നയം സർക്കാർ ഉടൻ കൊണ്ടുവരും. ഇന്ത്യൻ യുവജനങ്ങൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇൻ-സ്‌പേസ് അവസരം നൽകുമെന്നും മോദി പറഞ്ഞു.
2020ലാണ് ഇന്‍-സ്‌പേസിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. ഐഎസ്ആര്‍ഒയുടെ ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരുമാണ് ഇന്‍-സ്‌പേസിന് നേതൃത്വം നല്‍കുക. റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍ എന്നിവയുടെ നിര്‍മാണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും അനുമതിയും നല്‍കുന്ന നോഡല്‍ ഏജന്‍സി ആയാണ് ഇന്‍-സ്‌പേസ് പ്രവര്‍ത്തിക്കുക. ഇന്‍-സ്‌പേസിന്‍റെ സൗകര്യങ്ങള്‍ ബഹിരാകാശ പര്യവേക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.