ഹൈദരാബാദ് : നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന പര്യടനം തുടരുന്നു. ഇന്ന് തെലങ്കാനയിലും രാജസ്ഥാനിലും മോദി എത്തും. കോടികളുടെ വികസന പദ്ധതികൾക്ക് മോദി ഇരുസംസ്ഥാനങ്ങളിലും തറക്കല്ലിടും.
ഈ വർഷം അവസാനം ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ സന്ദർശനം. തെലങ്കാനയിലും രാജസ്ഥാനിലും പ്രചാരണ റാലികളിലും മോദി പങ്കെടുക്കും. കഴിഞ്ഞ ദിവസം ഛത്തിസ്‌ഗഡിലും ഉത്തർപ്രദേശിലും മോദി പരട്യനം നടത്തിയിരുന്നു.
തെലങ്കാനയിലെ വാറങ്കലിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുന്ന പൊതുപരിപാടിയിൽ മോദി പങ്കെടുക്കും. പിന്നീട് അദ്ദേഹം രാജസ്ഥാനിലെ ബിക്കാനീർ സന്ദർശിക്കും. അവിടെ അദ്ദേഹം ഒന്നിലധികം വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രി മോദി രാവിലെ 10.45ന് വാറങ്കലിലെത്തി വൈകുന്നേരത്തോടെ രാജസ്ഥാനിലേക്ക് പോകുകയും ഏകദേശം 4.15ന് ബിക്കാനീറിൽ എത്തുകയും ചെയ്യും.
വാറങ്കലിൽ 6,100 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടും : 6100 കോടി രൂപയുടെ പദ്ധതികൾക്കാണ് മോദി ഇന്ന് തറക്കല്ലിടുക. ഇതിന്‍റെ വലിയൊരു ഭാഗം അതായത് 5,550 കോടി രൂപ സംസ്ഥാനത്തുടനീളം 176 കിലോമീറ്റർ വരുന്ന ദേശീയ പാതകൾ സ്ഥാപിക്കുന്നതിലേക്ക് പോകും. 108 കിലോമീറ്റർ ദൈർഘ്യമുള്ള മഞ്ചേരിയൽ-വാറങ്കൽ സെക്ഷന് മോദി തറക്കല്ലിടും.
ഈ വികസന പദ്ധതിയിലൂടെ മഞ്ചേരിയലിനും വാറങ്കലിനും ഇടയിലുള്ള ദൂരം ഏകദേശം 34 കിലോമീറ്റർ കുറയും. കൂടാതെ NH-44, NH-65 എന്നിവയിലെ ഗതാഗതക്കുരുക്കും യാത്ര സമയവും കുറയ്ക്കും. NH-563-ന്‍റെ 68 കിലോമീറ്റർ ദൈർഘ്യമുള്ള കരിംനഗർ-വാറങ്കൽ ഭാഗം നിലവിലുള്ള രണ്ട് വരിയിൽ നിന്ന് നാലുവരിപ്പാതയായി ഉയർത്തുന്നതും അദ്ദേഹം ഇന്ന് തറക്കല്ലിടുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു.
കാസിപ്പേട്ടയിലെ റെയിൽവേ നിർമാണ യൂണിറ്റിന്‍റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിക്കും. 500 കോടിയാണ് പദ്ധതിയുടെ ചെലവ്. ആധുനിക നിർമ്മാണ യൂണിറ്റ് റോളിംഗ് സ്റ്റോക്ക് നിർമ്മാണ ശേഷി വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
റോബോട്ടിക് പെയിന്‍റിംഗ് ഓഫ് വാഗണുകൾ, അത്യാധുനിക മെഷിനറി, ആധുനിക മെറ്റീരിയൽ സ്റ്റോറേജും കൈകാര്യം ചെയ്യലും ഉള്ള പ്ലാന്‍റ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യയും സൗകര്യങ്ങളും ഇതിലുണ്ടാകും. പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും സമീപ പ്രദേശങ്ങളിലെ അനുബന്ധ യൂണിറ്റുകളുടെ വികസനത്തിനും ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അവകാശപ്പെട്ടു.
ബിക്കാനീറിൽ 24,300 കോടി രൂപയുടെ പദ്ധതി : ബിക്കാനീറിൽ 24,300 കോടി രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും മോദി നിർവഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും ക്ഷേമവും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികൾ. അമൃത്‌സർ-ജാംനഗർ ഇക്കണോമിക് കോറിഡോറിന്‍റെ ആറുവരി ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേയും മോദി ഇന്ന് സമർപ്പിക്കും.
രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ ജഖ്‌ദാവാലി ഗ്രാമത്തിനും ജലോർ ജില്ലയിലെ ഖെത്‌ലവാസ് ഗ്രാമത്തിനും ഇടയിൽ 500 കിലോമീറ്ററിലധികം ഈ ഭാഗം വ്യാപിച്ചുകിടക്കുന്നു. 11,125 കോടി രൂപയുടെ ചിലവിലാണ് പദ്ധതി നിർമിച്ചത്. എക്‌സ്പ്രസ് വേ പ്രധാന നഗരങ്ങളും വ്യാവസായിക ഇടനാഴികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം യാത്രാ സമയം ഗണ്യമായി കുറയ്ക്കും.
അന്തർസംസ്ഥാന ട്രാൻസ്‌മിഷൻ ലൈൻ : 10,950 കോടി രൂപ ചെലവിൽ നിർമ്മിച്ച ഗ്രീൻ എനർജി കോറിഡോറിനായുള്ള അന്തർസംസ്ഥാന ട്രാൻസ്‌മിഷൻ ലൈനിന്‍റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി സമർപ്പിക്കും. റീന്യൂവബിൾ പവർ, പടിഞ്ഞാറൻ മേഖലയിലെ താപ ഉൽപ്പാദനം, വടക്കൻ മേഖലയിലെ ജലോത്പാദനം എന്നിവയ്‌ക്കൊപ്പം പ്രദേശങ്ങൾ തമ്മിലുള്ള പ്രസരണ ശേഷി വർധിപ്പിക്കുന്നതിനൊപ്പം ഗ്രിഡ് ബാലൻസിംഗിനും ട്രാൻസ്‌മിഷൻ ലൈൻ സഹായിക്കും. ഏകദേശം 100 കോടി രൂപ ചെലവിലാണ് പദ്ധതി വികസിപ്പിച്ചത്.
ഇഎസ്ഐസി ഹോസ്‌പിറ്റൽ : പിഎം മോദി ബിക്കാനീറിൽ 30 കിടക്കകളുള്ള ഒരു പുതിയ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) ഹോസ്‌പിറ്റൽ നാടിന് സമർപ്പിക്കും. പിന്നീട്, അതിന്‍റെ ശേഷി 100 കിടക്കകളാക്കി ഉയർത്തും. പ്രാദേശിക സമൂഹത്തിന്‍റെ മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റുകയും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന ഒരു സുപ്രധാന ആരോഗ്യ സംരക്ഷണ കേന്ദ്രമായി ആശുപത്രി പ്രവർത്തിക്കുമെന്ന് പിഎംഒ പറഞ്ഞു.
റെയിൽവേ പദ്ധതികൾ : 450 കോടി രൂപ ചെലവിൽ ഏറ്റെടുക്കുന്ന ബിക്കാനീർ റെയിൽവേ സ്റ്റേഷന്‍റെ പുനർവികസനത്തിന് മോദി തറക്കല്ലിടും. നിലവിലുള്ള പൈതൃക പദവി നിലനിറുത്തിക്കൊണ്ട് ഫ്ലോറിങ്ങും സീലിംഗും കൂടാതെ പ്ലാറ്റ്‌ഫോം നവീകരണവും പദ്ധതിയിൽ ഉണ്ടാകും.
സന്ദർശന വേളയിൽ 43 കിലോമീറ്റർ ദൈർഘ്യമുള്ള ചുരു-രത്തൻഗഡ് പാത ഇരട്ടിപ്പിക്കുന്നതിനുള്ള തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഈ പദ്ധതി കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ജിപ്‌സം, ചുണ്ണാമ്പുകല്ല്, ഭക്ഷ്യധാന്യങ്ങൾ, വളം ഉൽപന്നങ്ങൾ എന്നിവ ബിക്കാനീർ മേഖലയിൽ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്യും.