ന്യൂഡല്‍ഹി: ആറാമത് റൈസീന ഡയലോഗ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. സാമ്പത്തിക, നയതന്ത്ര വിഷയങ്ങളില്‍ പരസ്പര ബന്ധം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ നേതൃത്വം നല്‍കുന്ന യോഗമാണ് "റൈസീന ഡയലോഗ്".
പരിപാടിയില്‍ റുവാണ്ടൻ പ്രസിഡന്‍റ് പോൾ കഗാമെ , ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡർക്‌സെൻ എന്നിവർ അതിഥികളാകും. ഏപ്രിൽ 13 മുതൽ 16 വരെയാണ് ഡയലോഗ് സംഘടിപ്പിക്കുക. വിദേശകാര്യ മന്ത്രാലയവും ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനും ചേർന്ന് സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും സമ്മേളനത്തിൽ പങ്കെടുക്കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ യോഗം വിർച്യലായാണ് സംഘടിപ്പിക്കുന്നത്. മുൻ സ്വീഡൻ പ്രധാനമന്ത്രി കാൾ ബിൽറ്റ്, മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആബൂട്ട്, മുൻ ന്യൂസിലാന്‍റ് പ്രധാനമന്ത്രി ഹെലൻ ക്ലാർക്ക്, പോർച്ചുഗൽ, സ്ലൊവേനിയ, റൊമാനിയ, സിംഗപ്പൂർ, നൈജീരിയ,ജപ്പാൻ, ഇറ്റലി, സ്വീഡൻ, കെനിയ, ചിലി ,ഇറാൻ ,ഖത്തർ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. 50 എഡിഷനുകളായി സംഘടിപ്പിക്കുന്ന പരിപാടിയിൽ 50 രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം പ്രതിനിധികളാണ് പങ്കെടുക്കുക.