ന്യൂഡൽഹി: പാകിസ്ഥാൻ ഉൾപ്പെടെ ഒൻപത് രാജ്യങ്ങൾ പങ്കെടുക്കുന്ന കൊവിഡ് -19 മാനേജ്മെന്‍റുമായി ബന്ധപ്പെട്ട ശില്പശാലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാൾ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ശില്പശാലയുടെ ഭാഗമാകും.
ആഗോളതലത്തിൽ ഇന്ത്യ ഇതുവരെ 229.7 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 64.7 ലക്ഷം ഡോസുകൾ ഗ്രാന്‍റായി വിതരണം ചെയ്തപ്പോൾ 165 ലക്ഷം ഡോസുകൾ വാണിജ്യാടിസ്ഥാനത്തിലാണ് വിതരണം ചെയ്തത്. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, പസഫിക് ദ്വീപ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ രാജ്യങ്ങൾക്ക് വാക്സിനുകൾ വിതരണം ചെയ്യുമെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.