ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസമിലും പശ്ചിമബംഗാളിലും നടക്കുന്ന മെഗാറാലികളെ അഭിസംബോധന ചെയ്യും. പശ്ചിമബംഗാളിലെ ഖരക്‌പൂരിലും അസമിലെ ചബുവയിലുമാണ് ഇന്ന് റാലികൾ നടക്കുക. ഇരു സംസ്ഥാനങ്ങളിലുമായി നടക്കുന്ന രണ്ട് ദിവസത്തെ പ്രചാരണ പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. മാർച്ച് 20ന് ഖരക്‌പൂരിലും ചബുവയിലും നടക്കുന്ന റാലികളിൽ സംസാരിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്. ഇരു സംസ്ഥാനങ്ങളിലും ബിജെപിയുടെ വികസന പരിപാടികളെക്കുറിച്ച് സംസാരിക്കുെമന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞയാഴ്‌ച്ച പശ്ചിമബംഗാളിലെ പുരൂലിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ തൃണമൂൽ കോൺഗ്രസിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് മോദി രംഗത്തെത്തിയിരുന്നത്. മമതയുടെ നേതൃത്വത്തിലുള്ള സർക്കാർ അക്രമത്തിനെയും അഴിമതിയെയും പ്രോത്സാഹിക്കുകയാണെന്ന് മോദി ആരോപിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ നിയമവാഴ്‌ച്ച പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് മാർച്ച് 27, ഏപ്രിൽ ഒന്ന്, ഏപ്രിൽ ആറ് തീയതികളിലാണ് നടക്കുക. പശ്ചിമബംഗാളിൽ എട്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് മാർച്ച് 27 നാണ് നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.