ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്ന് നടക്കുന്ന ആഗോള ബുദ്ധിസ്റ്റ് ഉച്ചകോടിയുടെ ഉദ്‌ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഡല്‍ഹിയിലെ ഹോട്ടല്‍ അശോകില്‍ രാവിലെ 10 മണിക്കാണ് പരിപാടി. ഇന്‍റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷന്‍റെ (ഐബിസി) സഹകരണത്തോടെ സാംസ്‌കാരിക മന്ത്രാലയമാണ് രണ്ട് ദിവസത്തെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
ടിബറ്റൻ ബുദ്ധിസത്തില്‍ വിദഗ്‌ധനായ അമേരിക്കന്‍ പ്രൊഫസർ റോബർട്ട് തർമൻ, വിയറ്റ്നാം ബുദ്ധ സംഘത്തിന്‍റെ രക്ഷാധികാരികളില്‍ പ്രമുഖനായ തിച്ച് ട്രൈ ക്വാങ് എന്നിവർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യയുടെ പുരാതന ബുദ്ധ പൈതൃകം വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ക്ക് പ്രൊഫസർ തർമന് 2020-ൽ പത്മശ്രീ പുരസ്‌കാരം ലഭിച്ചിരുന്നു. 'സമകാലിക വെല്ലുവിളികളോടുള്ള പ്രതികരണങ്ങൾ: വ്യവഹാരങ്ങള്‍ക്കുള്ള തത്വശാസ്ത്രം' എന്നതാണ് ആഗോള ബുദ്ധിസ്റ്റ് ഉച്ചകോടിയുടെ പ്രമേയം.