ബെംഗളൂരു: ബെംഗളൂരുവിൽ കാർ നിർത്തി പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസും ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിനും ഫ്ലാഗ്ഓഫ് ചെയ്യാൻ കെഎസ്ആർ റെയിൽവേ സ്റ്റേഷനിലേക്ക് പോകവേയാണ് രണ്ടിടങ്ങളിൽ കാർ നിർത്തി മോദി ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്‌തത്. വിധാൻ സൗധയ്ക്ക് സമീപമുള്ള കർണാടക പിഎസ്‌സി ഓഫിസിന് സമീപവും ബെംഗളുരുവിലെ പ്രധാന ട്രാഫിക് ജങ്ഷനിലുമാണ് മോദി കാർ നിർത്തിയത്.
തുടർന്ന് കാറിന്‍റെ റണ്ണിങ് ബോർഡിൽ നിന്നുകൊണ്ട് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്‌തു. 'മോദി' 'മോദി' എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചും ബിജെപി പതാക ഉയർത്തിയുമാണ് പാർട്ടി പ്രവർത്തകർ നരേന്ദ്രമോദിയെ സ്വാഗതം ചെയ്‌തത്.
തുടർന്ന് കെംപെഗൗഡ വിമാനത്താവളത്തിന്‍റെ ടെർമിനൽ-2 ഉദ്‌ഘാടനം ചെയ്യാൻ പോകവെ, കെഎസ്ആർ റെയിൽവേ സ്റ്റേഷന് സമീപമുള്ള പ്രധാന ട്രാഫിക് ജംഗ്‌ഷനിൽ മോദി വാഹനത്തിൽ നിന്ന് ഇറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്‌തു. നിരവധി ജനങ്ങളാണ് വശങ്ങളിൽ തടിച്ചുകൂടിയിരുന്നത്. ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനും വിജയനഗര സാമ്രാജ്യത്തിന്‍റെ തലവനായ 'നാദപ്രഭു' കെംപെഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനും വിമാനത്താവളത്തിന്‍റെ ടെർമിനൽ ഉദ്‌ഘാടനം ചെയ്യുന്നതിനുമാണ് മോദി വെള്ളിയാഴ്‌ച ബെംഗളൂരുവിൽ എത്തിയത്.
കർണാടകയിൽ നിയമസഭ തെരഞ്ഞടുപ്പ് അടുത്തിരിക്കെ വലിയ പ്രാധാന്യത്തോടെയാണ് വിവിധ പാർട്ടികൾ മോദിയുടെ സന്ദർശനത്തെ കാണുന്നത്.