ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റേഡിയോ പ്രോഗ്രാമായ 'മൻ കി ബാത്തിൽ' ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനം. മൻ കീ ബാത്തിൻ്റെ 76-ാം പതിപ്പിൽ മുംബൈയിൽ നിന്ന് ഇന്ത്യൻ കോളജ് ഓഫ് ഫിസിഷ്യൻസിൻ്റെ ഡീൻ ഡോ. ശശാങ്ക് ജോഷി പങ്കെടുത്തു. കൊവിഡ് ആദ്യ തരംഗത്തേക്കാൾ വേഗത്തിൽ രണ്ടാം തരംഗം പടരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിൽ വീണ്ടെടുക്കൽ നിരക്ക് ഉയർന്നുവെന്നും മരണനിരക്ക് കുറവാണെന്നും അദ്ദേഹം പറഞ്ഞു. 80 മുതൽ 90 ശതമാനം വരെ ആളുകളിൽ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും രാജ്യം കൊവിഡ് തരംഗത്തെ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സർക്കാർ മെഡിക്കൽ കോളജിലെ പ്രൊഫസർ ഡോ. നവീദ് നസീർ ഷാ ആയിരുന്നു പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലെ രണ്ടാമത്തെ അതിഥി. രാജ്യത്ത് നിലവിൽ കോവാക്സിൻ, കൊവിഷീൽഡ് എന്നീ രണ്ട് വാക്‌സിനുകൾ ലഭ്യമാണ് പറഞ്ഞ അദ്ദേഹം ജമ്മു കശ്‌മീരിൽ ഇതുവരെ 15 മുതൽ 16 ലക്ഷം ആളുകൾ വാക്‌സിൻ എടുത്തിട്ടുണ്ടെന്നും അറിയിച്ചു. വാക്‌സിനുകൾക്ക് പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വാക്‌സിനേഷൻ എടുത്തിട്ടും ആളുകൾക്ക് രോഗം വരുന്നതിൽ ആശങ്കപ്പെടേണ്ടന്നും സ്വീകരിച്ചവരിൽ രോഗ തീവ്രത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് രോഗികളെ പരിചരിക്കുന്ന പരിചയസമ്പന്നരായ നഴ്‌സുമാരുമായും പ്രധാനമന്ത്രി സംസാരിച്ചു. റായ്‌പൂരിലെ ബിആർ അംബേദ്‌കർ മെഡിക്കൽ കോളജിലെ ഭാവന ധ്രുവ്, ബെംഗളൂരു കെസി ജനറൽ ആശുപത്രിയിലെ സീനിയർ നഴ്‌സിംഗ് ഓഫിസർ സുരേഖ എന്നിവരാണ് സംസാരിച്ചത്. പരിഭ്രാന്തരാകരുതെന്നും ജാഗ്രത വേണമെന്നും അവർ പറഞ്ഞു. ശേഷം ആംബുലൻസ് ഡ്രൈവർ പ്രേം വർമയുമായും അദ്ദേഹം സംസാരിച്ചു. പ്രേമും തൻ്റെ അനുഭവം പങ്കുവച്ചു.