സമര്‍ഖണ്ട്: ചരക്കുകളുടെ നീക്കം സുഗമമാക്കുന്നതിനായി ഷാങ്‌ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനിലെ(എസ്‌സിഒ) അംഗരാജ്യങ്ങള്‍ പരസ്‌പരം സഞ്ചാര അനുമതി ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 22-ാം എസ്‌സിഒ ഉച്ചകോടിയില്‍ ഉസ്‌ബെക്കിസ്ഥാന്‍ തലസ്ഥാനമായ സമര്‍ഖണ്ടില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊവിഡും റഷ്യ യുക്രൈന്‍ യുദ്ധവും ആഗോള വിതരണ ശൃംഖലയിലുണ്ടാക്കിയ ആഘാതം കാരണം ലോകം ഭക്ഷ്യ ഇന്ധന പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ എസ്‌സിഒ അംഗരാജ്യങ്ങള്‍ക്കിടയില്‍ മികച്ച ഗതാഗത ബന്ധം(connectivity) ആവശ്യമാണെന്ന് മോദി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലൂടെയുള്ള അഫ്‌ഗാനിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്കത്തെ പാകിസ്ഥാന്‍ തടസപ്പെടുത്തുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രസ്‌താവന.
ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി 7.5 ശതമാനം വളര്‍ച്ച പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ ഉയര്‍ന്ന വളര്‍ച്ചനിരക്കായിരിക്കും ഇതെന്നും മോദി പറഞ്ഞു. "വൈവിധ്യവത്‌കൃതമായതും അതിജീവനക്ഷമതയുള്ളതുമായ വിതരണശൃംഖല സൃഷ്‌ടിക്കുന്നതിനായി എസ്‌സിഒ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇതിനായി മികച്ച കണക്‌റ്റിവിറ്റിയും ചരക്ക് നീക്കവും ഉണ്ടാകേണ്ടതുണ്ട്", പ്രധാനമന്ത്രി പറഞ്ഞു.
എസ്‌സിഒ രാജ്യങ്ങള്‍ക്കിടയില്‍ പരസ്‌പരമുള്ള വിശ്വാസവും സഹകരണവും വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയുടെ പിന്തുണയുണ്ടാകും. ജനങ്ങളെ കേന്ദ്ര സ്ഥാനത്ത് നിര്‍ത്തികൊണ്ടുള്ള വികസന നയമാണ് ഇന്ത്യ പിന്തുടരുന്നത്. ഇതിനായി സാങ്കേതിക വിദ്യയെ നൂതനമായ രീതിയില്‍ ഉപയോഗിക്കുകയാണെന്നും മോദി പറഞ്ഞു.
"ഉത്‌പാദനമേഖലയുടെ കേന്ദ്രമായി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താനുള്ള പ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ മുഴുകിയിരിക്കുകയാണ്. എല്ലാ മേഖലയിലും നൂതന ആശയങ്ങളെ ഞങ്ങള്‍ പിന്തുണയ്‌ക്കുകയാണ്. നിലവില്‍ ഇന്ത്യയില്‍ 70,000ത്തിലധികം സ്റ്റാര്‍ട്ട് അപ്പുകളും 100ലധികം യുണികോണുകളും ഉണ്ട്", മോദി പറഞ്ഞു.
ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനായി മില്ലെറ്റുകളുടെ കൃഷിയും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിനുവേണ്ടിയുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ മോദി ഉച്ചകോടിയില്‍ വിശദീകരിച്ചു. പാരമ്പര്യ വൈദ്യത്തില്‍ എസ്‌സിഒ അംഗരാജ്യങ്ങള്‍ക്കിടയില്‍ സഹകരണം വേണം. ചികിത്സ വിനോദസഞ്ചാരത്തില്‍(medical tourism) ഇന്ത്യ ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ കേന്ദ്രങ്ങളില്‍ ഒന്നാണെന്നും മോദി വ്യക്തമാക്കി.