ന്യൂഡൽഹി: പരീക്ഷാ പേ ചർച്ചയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ വിദ്യാർഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുമായി സംവദിച്ചു. സ്വയം മെച്ചപ്പെടാനുള്ള മികച്ച അവസരമാണ് പരീക്ഷകളെന്ന് പ്രധാനമന്ത്രി ചർച്ചയിൽ വിദ്യാർഥികളോട് പറഞ്ഞു. പരീക്ഷയുടെ സമ്മർദം എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
ഇപ്പോൾ മാതാപിതാക്കൾ കുട്ടികളുടെ കരിയർ, പഠനം, ആഘോഷങ്ങൾ തുടങ്ങിയവയിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. കുട്ടികളുമായി കൂടുതൽ ഇടപെടുകയാണെങ്കിൽ അവരുടെ താൽപര്യം, സ്വഭാവം, പ്രവണത തുടങ്ങിയവയെക്കുറിച്ച് മനസിലാക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങൾക്ക് പരീക്ഷയ്ക്ക് ഒരു വാക്ക് ഉണ്ട് - കൗസ്‌തി, സ്വയം ശക്തമാക്കുകയെന്നതാണ് ഈ വാക്കിന്‍റെ അർഥമെന്നും പ്രധാനമന്ത്രി കുട്ടികളോടായി പറഞ്ഞു.
പരീക്ഷ ഒന്നിന്‍റെയും അവസാനമല്ലെന്നും മറിച്ച് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള അവസരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷ പേയുടെ നാലാം എഡിഷനാണ് ഇന്ന് നടന്നത്. 14 ലക്ഷം പേരാണ് പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്‌തിരുന്നത്.