ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കാനൊരുങ്ങുന്ന എല്ലാ കായിക താരങ്ങൾക്കും ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കാനൊരുങ്ങുന്നവർ തീവ്രമായ പരിശ്രമങ്ങളാണ് പ്രതിദിനം ചെയ്യുന്നതെന്നും രാജ്യത്തിന് അഭിമാനമാകാൻ പോകുന്ന ഈ താരങ്ങൾക്ക് ആശംസകൾ നേരുന്നുവെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
കായിക ഇനം എന്നതിലുപരി രാജ്യത്തിന് അഭിമാനമാകാനാണ് ഇവർ പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കായിക താരങ്ങൾക്ക് മേൽ സമ്മർദ്ദം ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്നും അവരെ മോട്ടിവേറ്റ് ചെയ്യാനാണ് ജനം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. (#Cheer4India) ചിയർഫോർഇന്ത്യ ഹാഷ്‌ടാഗിൽ കായിക താരങ്ങൾക്ക് ആശംസകളും സന്ദേശങ്ങളും അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ഒളിമ്പിക്സിലേക്ക് നീന്തിക്കയറി സജന്‍ ; അഭിമാന നേട്ടവുമായി മലയാളി താരം
ഒളിമ്പിക്‌സിന് പോകാനൊരുങ്ങുന്ന കായിക താരങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനായി ജൂൺ മാസത്തിന്‍റെ ആദ്യവാരത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. ഇന്ത്യയിൽ ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങൾക്കും നൽകുന്ന പിന്തുണ ഒളിമ്പിക്‌സ് താരങ്ങൾക്കും നൽകണമെന്നും കായിക മന്ത്രി കിരൺ റിജുജു അഭിപ്രായപ്പെട്ടിരുന്നു.
ടോക്കിയോ ഒളിമ്പിക്‌സ് 2020
കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്‌സ് കൊവിഡിനെ തുടർന്നാണ് നീട്ടി വച്ചത്. ജൂലൈ 23 മുതൽ ആഗസ്റ്റ് എട്ട് വരെ ടോക്കിയോയിലാണ് ഈ വർഷം മത്സരങ്ങൾ നടക്കുന്നത്. 2020 ജൂലായ് 24ന് തുടങ്ങേണ്ടിയിരുന്ന 32-ാമത് ഒളിമ്പിക് ഗെയിംസാണ് മാറ്റിയത്.
ഒളിമ്പിക്‌സ് തയ്യാറെടുപ്പിന് സഹായം നൽകി ബിസിസിഐ
ഇന്ത്യൻ കായിക താരങ്ങളുടെ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിനായി 2.5 കോടി രൂപ നൽകുമെന്ന് ബിസിസിഐ യോഗത്തിൽ തീരുമാനിച്ചു. അതിനോടൊപ്പം മാർക്കറ്റിംഗ്, പ്രമോഷൻ എന്നിവയ്ക്കായി 7.5 കോടി രൂപ നൽകാനും ജൂൺ 20ന് ചേർന്ന ഉന്നതതല യോഗത്തിൽ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.
ജപ്പാനീസ് സർക്കാർ ചട്ടങ്ങൾക്കെതിരെ ഐഒഎ
ജപ്പാനീസ് സർക്കാർ ഏർപ്പെടുത്തിയ പുതിയ ചട്ടങ്ങളെ ചോദ്യം ചെയ്‌ത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) രംഗത്തെത്തി. ഇന്ത്യയിൽ നിന്നുള്ള താരങ്ങൾ ജപ്പാനിലെത്തിയ ശേഷം മൂന്ന് ദിവസത്തേക്ക് മറ്റ് ടീമുകളിലെ താരങ്ങളുമായോ മറ്റ് അംഗങ്ങളുമായോ നേരിട്ട് ഇടപെടരുത് എന്നായിരുന്നു സർക്കാർ ഉത്തരവ്.
ഇന്ത്യൻ കായിക താരങ്ങൾക്കെതിരായ അന്യായവും വിവേചനപരവുമായ നിയമങ്ങളാണ് ഇവയെന്ന് ഐഒഎ പ്രസിഡന്‍റ് നരീന്ദർ ബാത്രയും സെക്രട്ടറി ജനറൽ രാജീവ് മേത്തയും ടോക്കോഗിനെ (ടോക്കിയോ സംഘാടക സമിതി) അഭിസംബോധന ചെയ്തെഴുതിയ കത്തിൽ പരാമർശിച്ചിട്ടുണ്ട്.
READ MORE: ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നവര്‍ക്ക് മൂന്ന് കോടി നല്‍കുമെന്ന് എംകെ സ്റ്റാലിന്‍