ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യ - റഷ്യ ബന്ധം കൂടുതല്‍ വളര്‍ന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനുമായുള്ള വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമായിരുന്നു പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ പ്രാധാന്യമുള്ളതും നയതന്ത്രപരമായതുമാണെന്നും മോദി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമായി തുടരും. കൊവിഡ് മഹാമാരി കാലത്തും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ യാതൊരു തരത്തിലുമുള്ള ഉലച്ചിലും സംഭവിച്ചില്ല. പലകാര്യങ്ങളിലും പ്രത്യേകവും പ്രബലവും നയന്ത്രപരവുമായ ബന്ധമാണ് ഇരു രാജ്യങ്ങളും കാത്തു സൂക്ഷിക്കുന്നത്.
ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി ഹൈദരാബാദ് ഹൗസിലാണ് നടക്കുന്നത്. 2019ല്‍ ബ്രസീലില്‍ ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ഇരു രാജ്യങ്ങളിലെ നേതാക്കളും പരസ്പരം കാണുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളിലെ മന്ത്രിമാരും തമ്മില്‍ 2+2 ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Also Read: Nagaland Firing: സൈനിക വെടിവയ്‌പ്; തെറ്റിദ്ധാരണയിൽ സംഭവിച്ചതെന്ന് അമിത് ഷാ
അതേസമയം ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ സുഹൃത്തായാണ് കാണുന്നതെന്ന് പുടിന്‍ പറഞ്ഞു. ഇന്ത്യ ഒരു വലിയ ശക്തിയായാണ് പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുകയാണ്. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ 17 ശതമാനത്തിന്‍റെ കുറവുണ്ടായിരുന്നു. എന്നാല്‍ 2021ലെ കണക്കുകള്‍ നോക്കുമ്പോള്‍ 38 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
ലോക രാജ്യങ്ങളില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഇരു രാജ്യങ്ങളും ആശങ്ക അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. മയക്കുമരുന്ന് സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവ തടയുന്നതിന് ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
2021-31 ലെ സൈനിക-സാങ്കേതിക സഹകരണ കരാറിന് കീഴിൽ ഇന്ത്യ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് വഴി 6,01,427 റൈഫിളുകളും എകെ 203 തോക്കുകളും വാങ്ങുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇരു രാജ്യങ്ങളും അന്താരാഷ്ട്ര രംഗത്തും സൈനിക മേഖലയിലും ബന്ധം മെച്ചപ്പെടുകയാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.