ന്യൂഡല്‍ഹി: കേരളത്തിലെ വിവിധ വൈദ്യുതി പദ്ധതികളുടെയും ഗ്രാമവികസന പദ്ധതികളുടെയും ശിലാസ്ഥാപനവും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 19ന് നിര്‍വഹിക്കും. വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് മോദി പരിപാടിയില്‍ പങ്കെടുക്കുക. തൃശ്ശൂര്‍ പ്രൊജക്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. 5,070 കോടി രൂപ ചെലവിൽ നിർമിക്കുന്ന പദ്ധതി വഴി രാജ്യത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തു നിന്നും 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കാനാകും. പുത്തന്‍ സങ്കേതിക വിദ്യ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ദേശീയ സൗരോർജ്ജ ദൗത്യത്തിന്‍റെ ഭാഗമായി 50 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി കാസര്‍കോടും മോദി ഉദ്ഘാടനം ചെയ്യും. പൈവാലൈക്, മീഞ്ച, ചിപ്പർ ഗ്രാമങ്ങളിലായി 250 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പദ്ധതി 280 കോടി രൂപ മുതൽമുടക്കിലാണ് നിർമിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സംയോജിത കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിന്‍റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും. 94 കോടി രൂപയാണ് ഇതിനായി ഉദ്ദേശിക്കുന്നത്. 427 കോടി രൂപയുടെ ചെലവ് കണക്കാക്കുന്ന തിരുവനന്തപുരത്തെ സ്മാർട്ട് റോഡ് പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും. നിലവിലുള്ള 37 കിലോമീറ്റർ റോഡുകളെ ലോകോത്തര സ്മാർട്ട് റോഡുകളാക്കി മാറ്റുകയാണ് ലക്ഷ്യം. എഎംആര്‍യുടിക്ക് കീഴില്‍ 75 കോടി ചെലവില്‍ നിര്‍മിച്ച ജലവൈദ്യുത പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.