ഹൈദരാബാദ് : തെലങ്കാനയിൽ 13,500 കോടി രൂപയുടെ വികസന പദ്ധതികൾക്ക് (Development Projects Telangana ) തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതി വാതകം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളിലുള്ള പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. ഇന്ന് മഹബൂബ് നഗറിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പദ്ധതികൾക്ക് തുടക്കമിട്ടത്.
തെലങ്കാനയിലെ ജനങ്ങളെ അർപ്പണബോധത്തോടെ സേവിക്കുന്നത് ബിജെപി മാത്രമാണെന്നും സംസ്ഥാനത്ത് ഒരു മാറ്റം അനിവാര്യമാണെന്നും മോദി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടത് അഴിമതിയില്ലാത്ത സുതാര്യവും സത്യസന്ധവുമായ ഒരു സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈദരാബാദ് (കച്ചിഗുഡ) – റായ്‌ച്ചൂർ സ്‌റ്റേഷനിലെ ട്രെയിൻ സർവീസ് (Hyderabad (Kacheguda) – Raichur Train Service) പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്‌തു.
തെലങ്കാനയിലെ ഹൈദരാബാദ്, രംഗറെഡ്ഡി, മഹബൂബ് നഗർ, നാരായൺപേട്ട് ജില്ലകളെ കർണാടകയിലെ റായ്‌ച്ചൂർ ജില്ലയുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണിത്. മുൻപ് ട്രെയിൻ സർവീസ് ഇല്ലാതിരുന്ന നിരവധി പ്രദേശങ്ങളിൽ ഈ സർവീസിലൂടെ റെയിൽ കണക്‌റ്റിവിറ്റി സേവനം ലഭ്യമാകും. 500 കോടിയിലധികം രൂപ ചെലവിലാണ് പദ്ധതി വികസിപ്പിച്ചിട്ടുള്ളത്. വിദ്യാർഥികൾക്കും ദൈനംദിന യാത്രക്കാർക്കും തൊഴിലാളികൾക്കും മേഖലയിലെ പ്രാദേശിക കൈത്തറി വ്യവസായത്തിനും ഈ സർവീസ് പ്രയോജനപ്പെടും.
പുതിയ റോഡുകൾ : നാഗ്‌പൂർ-വിജയവാഡ സാമ്പത്തിക ഇടനാഴിയുടെ (Nagpur – Vijayawada Economic Corridor) ഭാഗമായ പ്രധാന റോഡ് പദ്ധതികളുടെ തറക്കല്ലിടലും ഇന്ന് പ്രധാനമന്ത്രി നിർവഹിച്ചു. 6400 കോടി രൂപ ചെലവിലാണ് നാലുവരി ഗ്രീൻഫീൽഡ് ഹൈവേ വാറങ്കൽ മുതൽ ഖമ്മം (Warangal - Khammam) വരെയും ഖമ്മം മുതൽ വിജയവാഡ (Khammam - Vijayawada) വരെയും പുനർനിർമിക്കുന്നത്. ഈ പദ്ധതി വാറങ്കലിനും ഖമ്മത്തിനും ഇടയിലുള്ള യാത്രാദൂരം ഏകദേശം 14 കിലോമീറ്ററും ഖമ്മത്തിനും വിജയവാഡക്കും ഇടയിൽ 27 കിലോ മീറ്ററുമാണ് കുറക്കുക.
ഹൈദരാബാദ്-വിശാഖപട്ടണം ഇടനാഴിയുടെ (Hyderabad – Visakhapatnam Corridor) ഭാഗമായ സൂര്യപേട്ട മുതൽ ഖമ്മം വരെയുള്ള നാലുവരിപ്പാതയ്‌ക്ക് 2,460 കോടി രൂപ വരെയാണ് ചെലവ്. ഖമ്മം ജില്ലയിലേക്കും ആന്ധ്രാപ്രദേശിലെ തീരപ്രദേശങ്ങളിലേക്കും യാത്രാസൗകര്യം നൽകുന്ന പദ്ധതിയാണിത്. മഞ്ഞൾ കർഷകരുടെ ദീർഘകാല ആവശ്യമായ ദേശീയ മഞ്ഞൾ ബോർഡ് രൂപീകരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.