ഷിംല: ഹിമാചലിൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഭരണം മാറുന്ന പ്രവണത ബിജെപി തടയുമെന്നും സംസ്ഥാനത്തിന്‍റെ അധികാരം നിലനിർത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സോളനിലെ തൊഡോ മൈതാനിയിൽ നടന്ന പാർട്ടി റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വ്യക്തമായ ഒരു നയം എടുക്കുന്ന കാര്യത്തിൽ രാജ്യം ആദ്യം പിന്നിലായിരുന്നു.
എന്നാൽ സ്ഥിരതയുള്ള ഒരു സർക്കാർ ഇല്ലാതെ വികസനം സാധ്യമല്ലെന്ന് ജനങ്ങൾ ഇപ്പോൾ മനസിലാക്കി. വികസനം എന്ന വാഗ്‌ദാനത്തിൽ യാതൊരു വിട്ടുവീഴ്‌ചയും ബിജെപി സർക്കാർ നടത്തിയിട്ടില്ല. അതിനാൽ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തി.
ഹിമാചൽ പ്രദേശിലും അധികാരത്തിൽ തിരിച്ചെത്തുമെന്നും മോദി പറഞ്ഞു. ഹിമാചൽ പ്രദേശിൽ ഉണ്ടാകുന്ന ഭരണമാറ്റത്തിൽ നിന്ന് ചിലർ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വീണ്ടും ഭരണ മാറ്റത്തിന് അവർ ആഗ്രഹിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സത്യസന്ധൻ എന്ന് പറയുന്നവരാണ് യഥാർഥത്തിൽ അഴിമതിക്കാരൻ.
അത്തരത്തിലുള്ളവർ അധികാരത്തിൽ വന്നാൽ അവരുടെ സ്വാർത്ഥ താത്‌പര്യങ്ങളെ കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുക. ഹിമാചൽ ഇത്തരം സ്വാർഥ ഗ്രൂപ്പുകളെ ഒഴിവാക്കണം. ബിജെപി സർക്കാർ ആരംഭിച്ച വികസനം തുടരേണ്ടതുണ്ട്. അതിനാൽ ഹിമാചലിൽ ബിജെപി അധികാരത്തിലെത്തേണ്ടത് ആവശ്യമാണെന്നും മോദി പറഞ്ഞു.