ന്യുഡല്‍ഹി: സമൂഹത്തെ നേര്‍വഴിക്ക് നയിക്കുന്നതിലും ദിശാബോധം നല്‍കുന്നതിലും ക്രിസ്‌ത്യന്‍ സമൂഹം വഹിച്ച പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(pm modi heaped praise on the christian community). തന്‍റെ വസതിയില്‍ നടത്തിയ ക്രിസ്‌മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്‌തവ മത മേലധ്യക്ഷന്മാരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്‌ത്യാനികളുമായി പുലര്‍ത്തിയിരുന്ന ആത്മബന്ധത്തെക്കുറിച്ച് മോദി വാചാലനായി. ദരിദ്രരേയും നിരാംബരെയും സേവിക്കുന്നതില്‍ ക്രിസ്‌ത്യാനികള്‍ എന്നും മുന്‍പന്തിയിലാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ ക്രിസ്‌ത്യന്‍ സമൂഹം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. അനുകമ്പയിലും സ്നേഹത്തിനും അടിയുറച്ചതായിരുന്നു ക്രിസ്‌തു ദേവന്‍റെ ജീവിത സന്ദേശം, എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന ഒരു സമൂഹത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഈ മൂല്യങ്ങള്‍ താന്‍ നയിക്കുന്ന സര്‍ക്കാരിന് വഴിവിളക്കാണെന്ന് മോദി പറഞ്ഞു.
തത്വചിന്തയുടെ ഉറവിടമായ ഉപനിഷത്തുക്കളും ബൈബിള്‍ പോലെ സത്യം തിരിച്ചറിയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മുന്നോട്ടുള്ള പ്രയാണത്തിന് രാജ്യത്തെ ജനങ്ങള്‍ക്ക് ഊര്‍ജമാകുന്നത് മൂല്യങ്ങളുടെ പങ്കുവയ്ക്കലും പൈതൃകവുമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കുന്നതിന് എല്ലാവരുടെയും പ്രാര്‍ത്ഥന അനിവാര്യമാണെന്നും മോദി പറഞ്ഞു.