ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്‌ക്ക് ശേഷമുള്ള ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ശ്രദ്ധക്കുറവാണ് കൊവിഡ് വ്യാപനം കുറയാത്തതിന്‍റെ കാരണമായി പ്രധാനമന്ത്രി ചൂണ്ടികാണിക്കുന്നത്.
മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആൾക്കൂട്ടങ്ങളുടെ വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ഗൗരവതരമാണെന്നും ഭയപ്പെടുത്തുന്നതാണെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം മഹാമാരിയെ നേരിടുന്ന സമയത്ത് ഒരു ചെറിയ അശ്രദ്ധയ്‌ക്കോ അലംഭാവത്തിനോ ഇടമുണ്ടാക്കരുതെന്ന് മോദി കൂട്ടിച്ചേർത്തു.
ആശങ്കയായി കേരളവും മഹാരാഷ്‌ട്രയും
ചെറിയ വീഴ്ചകൾ പോലും വലിയ പ്രത്യാഖാതങ്ങൾ സൃഷ്‌ടിക്കും. ലോക്ക്ഡൗണിൽ ഇളവുകൾ വന്നത് ദുരുപയോഗം ചെയ്യപ്പെടരുതെന്നും ജനങ്ങള്‍ ജാഗ്രതയോടെ കൊവിഡിനെ നേരിടണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഭയം വളർത്തുകയല്ല, മറിച്ച് സാധ്യമായ എല്ലാ മുൻകരുതലുകളും തുടരാൻ ജനങ്ങളോട് അഭ്യർഥിക്കുകയാണ് വേണ്ടതെന്ന് പുതിയ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയെ അതിജീവിക്കാൻ രാജ്യത്തിന് കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. കൂടാതെ കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനതോത് കുറയാത്തതിലെ ആശങ്കയും മോദി പങ്കുവെച്ചു. കൊവിഡിന്‍റെ ഭീഷണി അവസാനിച്ചിട്ടില്ല. മറ്റു പല രാജ്യങ്ങളും കേസുകൾ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.