ന്യൂഡൽഹി: ഒരു വര്‍ഷത്തിന് ശേഷം കേന്ദ്രമന്ത്രിമാരുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ മോദിയുടെ ഔദ്യോഗിക വസതിയാണ് മന്ത്രിസഭാ യോഗം ചേർന്നത്. ജൂലൈ 7 ന് നടന്ന മന്ത്രിസഭാ പുനസംഘടനയ്‌ക്ക് ശേഷം ആദ്യമായാണ് മന്ത്രിസഭാ യോഗം നടക്കുന്നത്.
രാജ്യത്തെ കൊവിഡ് സാഹചര്യമാണ് യോഗത്തില്‍ പ്രധാന ചര്‍ച്ചയായത്. കൊവിഡ് പ്രതിരോധത്തില്‍ സമൂഹത്തിൽ അലംഭാവം വന്നിട്ടുണ്ടെന്നും, ജനങ്ങള്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പൊതുയിടങ്ങളിലെത്തുന്നതെന്നും മോദി സൂചിപ്പിച്ചു. ഈ അലംഭാവം പുതിയ പ്രശ്നങ്ങള്‍ക്ക് വഴിവയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയകാര്യ സമിതി
പുതുതായി മന്ത്രിസഭയിലെത്തിയ ഭൂപേന്ദർ യാദവ്, സർബാനന്ദ സോനോവാള്‍, മൻസുഖ് മാണ്ഡവ്യ, ഗിരിരാജ് സിങ്, എന്നിവര്‍ക്ക് പുറമെ സ്‌മൃതി ഇറാനിയെയും രാഷ്ട്രീയകാര്യ സമിതിയിൽ (സിസിപിഎ) ഉൾപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷാ, റോഡ് ഗതാഗത - ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി, ധനമന്ത്രി നിർമല സീതാരാമൻ, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ എന്നിവരാണ് സിസിപിഎയിലുള്ള മറ്റുള്ളവർ. സർക്കാരിന്‍റെ രാഷ്‌ട്രീയ തീരുമാനങ്ങളില്‍ അന്തിമ തീർപ്പുണ്ടാകുന്നത് രാഷ്ട്രീയകാര്യ സമിതിയിലാണ്.
പാർലമെന്‍ററി കാര്യസമിതി
നിയമമന്ത്രി കിരൺ റിജ്‌ജു, കായിക മന്ത്രി അനുരാഗ് താക്കൂർ, ഗോത്രകാര്യ മന്ത്രി അർജുൻ മുണ്ട എന്നിവരെ പാർലമെന്‍ററി കാര്യസമിതിയിൽ അംഗങ്ങളാക്കിയിട്ടുണ്ട്. രവിശങ്കർ പ്രസാദിന് പകരം റിജ്‌ജു സ്ഥാനമേറ്റപ്പോൾ പ്രകാശ് ജാവദേക്കറിന് പകരം താക്കൂർ സ്ഥാനമേറ്റു.
അടുത്തിടെ കർണാടക ഗവർണറായി ചുമതലയേറ്റ തവർചന്ദ് ഗെലോട്ടിന് പകരമായി കേന്ദ്ര സാമൂഹ്യനീതി മന്ത്രി വീരേന്ദ്ര കുമാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിർമ്മല സീതാരാമൻ, നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് ജോഷി, എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.
കേന്ദ്ര സഹമന്ത്രിമാരായ അർജുൻ റാം മേഘ്‌വാള്‍, വി. മുരളീധരൻ എന്നിവരെ ഈ സമിതിയിലേക്ക് പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപവും വളർച്ചയും സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയിൽ സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും ഉൾപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമ്മല സീതാരാമൻ, പീയൂഷ് ഗോയൽ, നാരായൺ റാണെ, അശ്വിനി വൈഷ്ണ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
സാമ്പത്തികകാര്യ സമിതി
സാമ്പത്തികകാര്യ സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമ്മല സീതാരാമൻ, നരേന്ദ്ര സിങ് തോമർ, എസ്. ജയ്ശങ്കർ, പീയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ എന്നിവർ ഉൾപ്പെടുന്നു.
കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, നിർമ്മല സീതാരാമൻ, പീയൂഷ് ഗോയൽ, ഹർദീപ് സിങ് പുരി എന്നിവരാണ് ക്യാബിനറ്റ് കമ്മിറ്റിയിൽ ഉൾപ്പെടുന്നത്.
also read: Covid 19 : മൂന്നാം തരംഗ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം