ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്‍റെ നിലപാടുകള്‍ അര്‍ബന്‍ നക്സലുകള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയിലായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള കടന്നാക്രമണം. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് പിരിച്ചുവിട്ടിരുന്നെങ്കില്‍ രാജ്യം എങ്ങനെയായിരിക്കുമെന്ന് ചില എംപിമാര്‍ ആരാഞ്ഞുവെന്ന് പറഞ്ഞ പ്രധാനമന്ത്രി. ആ ചോദ്യത്തിന് മറുപടി എന്ന നിലയിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് പിരിച്ചുവിട്ടിരുന്നെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ, ജാതി രാഷ്ട്രീയം, സിഖ് , പണ്ഡിറ്റ് കൂട്ടക്കൊലകള്‍ എന്നിവ ഉണ്ടാകുമായിരുന്നില്ലെന്ന് പ്രധാനമനന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം തുടരുകയാണെങ്കില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് മഹാത്മ ഗാന്ധിക്ക് അറിയാവുന്നതുകൊണ്ടാണ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത്. ഇന്ദിരയാണ് ഇന്ത്യ ഇന്ത്യയാണ് ഇന്ദിര എന്ന ചിന്തയായിരുന്നു കോണ്‍ഗ്രസിന്.
ഗാന്ധിജിയുടെ ആഗ്രഹമനുസരിച്ച് കോണ്‍ഗ്രസിനെ പിരിച്ചുവിട്ടിരുന്നുവെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ കുടുംബാധിപത്യം ഉണ്ടാകുമായിരുന്നില്ല. വൈദേശിക സ്വാധീനത്തിന്‍റെ ഫലമായി ഉണ്ടായ തീരുമാനങ്ങള്‍ക്ക് പകരം ദേശീയതയില്‍ അധിഷ്ഠിതമായ തീരുമാനങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും നരേന്ദ്ര മോദി ആരോപിച്ചു.
ALSO READ: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കൊവിഡ്
ഇന്ത്യയില്‍ ജനാധിപത്യവും സംവാദങ്ങളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കുടുംബാധിപത്യത്തിന് മുകളില്‍ ചിന്തിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കുടുംബാധിപത്യമാണ് എന്ന് നമ്മള്‍ തിരിച്ചറിയണം. ഒരു പാര്‍ട്ടിയില്‍ ഏതെങ്കിലും കുടുംബം ആധിപത്യം പുലര്‍ത്തുകയാണെങ്കില്‍ ആ പാര്‍ട്ടിയില്‍ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം ഉണ്ടാവില്ല.
കോണ്‍ഗ്രസാണ് ഇന്ത്യയുടെ അടിസ്ഥാന ശില പാകിയതെന്ന് ചിലര്‍ അവകാശപ്പെടുന്നു. ഇന്ത്യ ജന്‍മ്മമെടുത്തത് 1947ല്‍ ആണെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം കോണ്‍ഗ്രസിന്‍റെ ശ്രമഫലമായി ഉണ്ടായതല്ല. ജനാധിപത്യത്തിന്‍റെ കഴുത്ത് ഞെരിക്കുകയാണ് 1975 ല്‍ കോണ്‍ഗ്രസ് ചെയ്തതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നതിന് പകരം ഫെഡറേഷന്‍ ഓഫ് കോണ്‍ഗ്രസ് എന്നാക്കി മാറ്റണമെന്നും മോദി പറഞ്ഞു. ഭരണഘടനയില്‍ ഇന്ത്യയെ വിഭാവനം ചെയ്തിരിക്കുന്നത് ഒരു രാഷ്ട്രം(nation) ആയിട്ടല്ല പകരം ഫെഡറേഷന്‍ ആയിട്ടാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായിട്ടാണ് പ്രധാനമന്ത്രിയുടെ പരിഹാസം.