ന്യൂഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശിക്ഷ നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ നയതന്ത്ര ഉദ്യോഗസ്ഥരുടെയും എംബസിയുടെയും സുരക്ഷയ്ക്ക് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും മോദി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുമായി യാതൊരു പ്രശ്നവുമില്ലെന്ന് ഇസ്രായേലും പ്രതികരിച്ചു. അന്വേഷണ പുരോഗതിയില്‍ തൃപ്‌തിയുണ്ടെന്നാണ് ഇസ്രായേല്‍ പക്ഷം. ഇരു പ്രധാനമന്ത്രിമാരും നടത്തിയ ഫോണ്‍ സംഭാഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവന ഇറക്കിയത്. കൊവിഡ് പ്രതിരോധവും ഫോണ്‍ സംഭാഷണത്തില്‍ ചര്‍ച്ചയായി. വിഷയത്തില്‍ കൂടുതല്‍ ഐക്യത്തോടെ മുന്നോട്ട് പോകാനും ധാരണയായിട്ടുണ്ട്.
ജനുവരി 29 നാണ് ഇസ്രായേൽ എംബസിക്ക് സമീപം തീവ്രത കുറഞ്ഞ സ്ഫോടനം നടന്നത്. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായില്ല. എപിജെ അബ്ദുൾ കലാം റോഡിലെ എംബസിക്ക് സമീപം നിർത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റിയിരുന്നു. സ്‌ഫോടന സ്ഥലത്ത് നിന്ന് ഇസ്രായേൽ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഒരു കവർ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥർക്ക് സമ്പൂർണ സംരക്ഷണം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇസ്രയേൽ വിദേശകാര്യ മന്ത്രിക്ക് ഉറപ്പ് നൽകി.