ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ ദുരന്തം നടന്ന സ്ഥലത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷപ്രവർത്തനം പൂർത്തിയായതായി റെയിൽവേ മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി അപകടസ്ഥലത്തേക്ക് നേരിട്ടെത്തിയത്. പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവും സംഭവ സ്ഥലം സന്ദർശിച്ചു.
കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും: അപകടസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടർന്ന് പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയും പ്രധാനമന്ത്രി സന്ദർശിച്ചു. പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ബാലസോറിലെ ഫക്കീർ മോഹൻ ആശുപത്രിയിലെത്തിയാണ് പരിക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചത്. അപകടത്തിന് ഉത്തരവാദികളായവർ കഠിനമായി ശിക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ശനിയാഴ്‌ച (03.06.23) രാവിലെ തന്നെ അപകടസ്ഥലത്തെത്തിയിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അപകടമാണ് ബാലസോർ സംഭവമെന്നാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്. പരിക്കേറ്റവർക്ക് എല്ലാ ചികിത്സ സഹായവും നല്‍കുമെന്നും മരിച്ചവരുടെ കുടുംബത്തിനൊപ്പമുണ്ടെന്നും നവീൻ പട്‌നായിക്കും പ്രതികരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും പ്രധാനമന്ത്രി, ബംഗാൾ മുഖ്യമന്ത്രി, ഒഡിഷ മുഖ്യമന്ത്രി, തമിഴ്‌നാട് മുഖ്യമന്ത്രി, റെയില്‍വേ എന്നിവർ സഹായധനം പ്രഖ്യാപിച്ചിരുന്നു. അശ്വിനി വൈഷ്‌ണവ് രാവിലെ അപകടം നടന്ന സ്ഥലത്ത് എത്തി സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും രാവിലെ മന്ത്രിക്കൊപ്പം സംഭവ സ്ഥലം സന്ദർശിച്ചു.
കണ്ണീരണിയിച്ച് ബാലസോര്‍: രാജ്യത്തെ നടുക്കിയ ഒഡിഷ ബാലസോർ ട്രെയിൻ അപകടത്തില്‍ 288 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. 900ത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്‌ച രാത്രി 7.20ഓടെയായിരുന്നു ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപം ആദ്യത്തെ ട്രെയിന്‍ അപകടത്തില്‍ പെട്ടത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിക്കുകയായിരുന്നു.
അപകടം നിർഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ചുള്ള വാർത്ത തന്‍റെ മന്ത്രാലയത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ തന്നെ രക്ഷപ്രവർത്തനം ആരംഭിച്ചതായും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവും പ്രതികരിച്ചിരുന്നു. പാസഞ്ചർ ട്രെയിൻ കോച്ചുകൾ പാളം തെറ്റിയതിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചു. ഇതുപ്രകാരം ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം കൈമാറും. ഇതിന് പുറമെ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.