ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്‌ചയായി വര്‍ധിച്ചുവരുന്ന കൊവിഡ്, ഇന്‍ഫ്ലുവന്‍സ കേസുകള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതായി അദ്ദേഹത്തിന്‍റെ ഓഫിസാണ് വ്യക്തമാക്കിയത്. ഇന്‍സാകോഗ് (INSACOG) ജീനോം സീക്വന്‍സിങ് ലബോറട്ടറികള്‍ ഉപയോഗിച്ച് മുഴുവന്‍ പോസിറ്റീവ് സാമ്പിളുകളുടെയും ജീനോം സ്വീക്വന്‍സിങ് നടത്താനും പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഇതുവഴി പുതിയ വകഭേദങ്ങളെ കണ്ടെത്താനാകുമെന്നും അത്തരത്തിലുണ്ടെങ്കില്‍ സമയോചിതമായി പ്രതികരിക്കാനാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രോഗികൾ, ആരോഗ്യ വിദഗ്‌ധര്‍, ആരോഗ്യ പ്രവർത്തകർ എന്നിവർ ആശുപത്രി പരിസരത്ത് മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പാലിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. മുതിർന്ന പൗരന്മാരും മറ്റ് രോഗങ്ങളുള്ളവരും തിരക്കേറിയ സ്ഥലങ്ങളിലേക്കിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സുസജ്ജമായിരിക്കണം: ശ്വാസ സംബന്ധമായ അണുബാധകള്‍ ഉള്‍പ്പടെയുള്ള ഐആര്‍ഐ/ എസ്‌എആര്‍ഐ കേസുകളുടെയും, ഇന്‍ഫ്ലുവന്‍സ, സാര്‍സ് കൊവിഡ്, അഡെനോവൈറസ് എന്നിവയുടെ പരിശോധനയിലും സംസ്ഥാനങ്ങളുമായി തുടര്‍ വിലയിരുത്തല്‍ വേണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. മാത്രമല്ല ഇന്‍ഫ്ലുവന്‍സ, കൊവിഡ് 19 എന്നിവയ്‌ക്കാവശ്യമായ മരുന്നുകളും, ആവശ്യത്തിന് കിടക്കകളും, ആരോഗ്യ മാനവ വിഭവശേഷിയുടെ ലഭ്യത ഉള്‍പ്പടെയുള്ള ആരോഗ്യ സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കൊവിഡ് അവസാനിച്ചിട്ടില്ല : കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ രാജ്യത്തുടനീളം ഇതിന്‍റെ സ്ഥിതി പതിവായി നിരീക്ഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പരിശോധന, കണ്ടെത്തല്‍, പരിചരണം, കുത്തിവയ്‌പ്പ്, കൊവിഡ് മുന്‍കരുതല്‍ എന്നീ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് തുടരണം. ലാബ് നിരീക്ഷണം വര്‍ധിപ്പിക്കണം. നമ്മുടെ ആശുപത്രികൾ എല്ലാ അത്യാവശ്യങ്ങൾക്കും സജ്ജമാണെന്ന് ഉറപ്പാക്കുന്നതിനായി മോക്ക് ഡ്രില്ലുകൾ പതിവായി നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീഷണി ഒഴിയുന്നില്ല : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1134 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തുവെന്നാണ് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ഇതില്‍ തന്നെ സജീവ കേസുകളുടെ എണ്ണം 7,026 ആയി ഉയര്‍ന്നുവെന്നും ഛത്തീസ്‌ഗഡ്, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,813 ആയി ഉയരുകയും ചെയ്‌തു. മാത്രമല്ല നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനവുമാണ്. മാത്രമല്ല ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,831 പേരെയാണ് കൊവിഡ് ടെസ്റ്റുകള്‍ക്ക് വിധേയരാക്കിയതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പറയുന്നത്.
അതേസമയം രാജ്യത്ത് ഇന്‍ഫ്ലുവന്‍സ ബാധിതരുടെ എണ്ണവും വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്. മാത്രമല്ല രാജ്യത്ത് വര്‍ധിച്ച് വരുന്ന കൊവിഡ് ഇന്‍ഫ്ലുവന്‍സ കേസുകളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രസര്‍ക്കാറും നിരീക്ഷണങ്ങള്‍ നടത്തിവരികയാണ്. ഇന്‍ഫ്ലുവന്‍സ എയുടെ ഉപവിഭാഗമായ എച്ച്3എന്‍2 ഉം രാജ്യത്ത് ആശങ്കയുയര്‍ത്തുകയാണ്. ഇതിന്‍റെ ഭാഗമായി മഹാരാഷ്‌ട്ര, കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ അതീവ ജാഗ്രതയും തുടരുകയാണ്. ഇതില്‍ തന്നെ വയോധികരിലും കുട്ടികളിലുമാണ് എച്ച്3എന്‍2 കൂടുതലായും കണ്ടുവരുന്നത്.