ന്യൂഡൽഹി: അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് സമ്മാനങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കമലയുടെ മുത്തച്ഛനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിരുന്ന പി.വി ഗോപാലനുമായി ബന്ധപ്പെട്ട രേഖകളുടെ കോപ്പി, മീനാകാരി ചെസ് സെറ്റ് എന്നിവയാണ് നല്‍കിയത്.
കരകൗശലം കൊണ്ട് അലങ്കരിച്ച മരത്തടിയിലാണ് രേഖകള്‍ നല്‍കിയത്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇരുവരും നടത്തിയ കൂടിക്കാഴ്‌ചയിലാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ഇടപെടലുണ്ടായത്. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളെന്ന് വൈസ് പ്രസിഡന്‍റുമായി വൈറ്റ് ഹൗസിൽ വ്യാഴാഴ്ച നടന്ന കൂടിക്കാഴ്‌ചയില്‍ മോദി പറഞ്ഞു.
ഇന്ത്യ - യു.എസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയും ജനാധിപത്യത്തിന് ഭീഷണിയുയര്‍ത്തുന്ന പൊതു താൽപ്പര്യമുള്ള ആഗോള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും ചെയ്‌തു. ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നും പ്രധാനമന്ത്രിയുടെ ലോക്‌സഭ മണ്ഡലവുമായ വാരാണസി കേന്ദ്രമാക്കി നിര്‍മിക്കുന്നതാണ് ഗുലാബി മീനാകരി കരകൗശല ചെസെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ALSO READ: കമല ഹാരിസ് ലോകത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി