ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം, ഓക്സിജൻ ലഭ്യത എന്നിവയെക്കുറിച്ച് അവലോകനം നടത്തുന്നതിനായി പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
രാജ്യത്ത് ഓക്സിജൻ പ്ലാന്‍റുകളുടെ പ്രവർത്തനവും നിർമാണവും വേഗത്തിലാണ് എന്ന് ഉറപ്പുവരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രാജ്യത്തുടനീളം ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിലെ പുരോഗതിയെക്കുറിച്ച് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
രാജ്യത്തൊട്ടാകെ 1500 ലധികം ഓക്സിജൻ പ്ലാന്‍റുകളാണ് അടിയന്തരമായി സ്ഥാപിക്കുന്നത്. പിഎം കെയേഴ്സ്, വിവിധ മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള സംഭാവനകൾ പ്രയോജനപ്പെടുത്തിയാണ് നിർമാണം. ഈ ഓക്സിജൻ പ്ലാന്‍റുകൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കും. കൂടാതെ പിഎം കെയർ ഫണ്ട് ഉപയോഗിച്ച് നാല് ലക്ഷത്തിലധികം ഓക്സിജൻ കിടക്കൾ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also read: കിറ്റെക്‌സ് ചെയർമാൻ സാബു എം ജേക്കബ് തെലങ്കാനയില്‍: കെടിആറുമായി കൂടിക്കാഴ്‌ച നടത്തി
ഓക്സിജൻ പ്ലാന്‍റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കി സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് മോദി യോഗത്തിൽ ആവശ്യപ്പെട്ടു. ഓക്സിജൻ പ്ലാന്‍റുകളുടെ പ്രവർത്തനത്തെയും പരിപാലനത്തെയും സംബന്ധിച്ച് ആശുപത്രി ജീവനക്കാർക്ക് മതിയായ പരിശീലനം ഉണ്ടെന്ന് ഉറപ്പാക്കണം. ഓരോ ജില്ലയിലും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും മോദി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി മറ്റ് പ്രധാന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.