ഭോപ്പാൽ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊവിഡിന്‍റെ ഇന്ത്യൻ വകഭേദത്തെ ഭയമാണെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥ്. വൈറസിന്‍റെ പുതിയ വകഭേദത്തെ ഇന്ത്യൻ വേരിയെന്റ് എന്നും മോദി വേരിയെന്റെന്നും കോൺഗ്രസ് വിളിക്കുന്നെന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെയാണ് കമൽ നാഥിന്റെ പരാമർശം. കൊവിഡ് 19 ചൈനയിൽ നിന്നാണ് ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ഇവിടെയുള്ളത് കൊവിഡ് 19ന്റെ ഇന്ത്യൻ വകഭേദമാണ്. എന്നാൽ അങ്ങനെ പറയുന്നതിനെ പ്രധാന മന്ത്രിയും രാഷ്ട്രപതിയും ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also read: കൊവിഡ് ടൂൾകിറ്റ്; കോൺഗ്രസിനെതിരെ ബിജെപി നേതാവ് സാംബിത് പത്ര
സിംഗപ്പൂർ ഇന്ത്യക്കാരെ വിലക്കുകയാണ്. അവിടെ ഒരു കോളജിൽ പ്രവേശനത്തിന് അർഹത നേടിയ വിദ്യാർഥിയുടെ പ്രവേശനം റദ്ദാക്കി. വിദ്യാർഥി ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നറിഞ്ഞാണിത്. സിംഗപ്പൂർ കൊവിഡിന്‍റെ ഇന്ത്യൻ വേരിയെന്റിനെ ഭയപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ "ഇന്ത്യൻ വേരിയൻറ്" എന്ന് പരാമർശിക്കുന്ന "കോൺഗ്രസ് ടൂൾകിറ്റിനെ സംബന്ധിച്ച ബിജെപി ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ എന്ത് ടൂൾക്കിറ്റെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. നമ്മുടെ ശാസ്ത്രജ്ഞര്‍ ഇപ്പോഴിവിടെയുള്ള വൈറസിനെ ഇന്ത്യൻ വകഭേദമെന്നാണ് വിളിക്കുന്നത്. അത് അംഗീകരിക്കാത്തത് ബിജെപിക്കാർ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ബി .1.617 വകഭേദത്തെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 32 പേജുള്ള റിപ്പോർട്ടിൽ ഇന്ത്യൻ വേരിയന്റ് എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ടൂൾ കിറ്റിലൂടെ കോൺഗ്രസ് ഇത്തരത്തിലുള്ള പദപ്രയോഗങ്ങൾ നടത്തി രാജ്യത്തേയും പ്രധാനമന്ത്രിയേയും അപമാനിക്കാൻ ശ്രമിക്കുകയാണെന്നാണ് ബിജെപി ആരോപണം.