ന്യൂഡൽഹി: കൊവിഡ് മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനുള്ള ശ്‌മശാന സ്ഥലങ്ങളുടെ എണ്ണം താൽക്കാലികമായി വർധിപ്പിക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന്‍റെയും ഡൽഹി സർക്കാരിന്‍റെയും പ്രതികരണങ്ങൾ തേടി. വിഷയവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജാസ്‌മീത് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, മുനിസിപ്പൽ സ്ഥാപനങ്ങൾ എന്നിവർക്ക് നോട്ടീസ് നൽകിയത്. പരാതിക്കാരനായ പ്രത്യുഷ് പ്രസന്ന നൽകിയ വസ്‌തുതകൾ പരിഗണിക്കാനും കോടതി അധികാരികൾക്ക് നിർദേശം നൽകി.
കൂടുതൽ വായനയ്‌ക്ക്: കൊവിഡ് മരണം; ഡല്‍ഹിയിലെ ശ്‌മശാനങ്ങള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞു
ആശുപത്രി കിടക്കകളുടെ അഭാവവും ടെസ്റ്റിങ് കിറ്റുകൾ, ഓക്‌സിജൻ വിതരണം തുടങ്ങിയ ആവശ്യങ്ങളും കാരണം രാജ്യത്ത്, പ്രത്യേകിച്ച് ദേശീയ തലസ്ഥാനത്ത്, മരണങ്ങൾ വളരെയധികം വർധിച്ചുവെന്ന് അഭിഭാഷകൻ സ്‌നിഗ്‌ധ സിങ് വഴി സമർപ്പിച്ച ഹർജിയിൽ പ്രസന്ന അവകാശപ്പെട്ടു. തൽഫലമായി ശ്‌മശാന സ്ഥലങ്ങളും നിറയുന്ന അവസ്ഥയാണ്. അതിനാൽ ശ്‌മശാന സ്ഥലങ്ങളുടെ എണ്ണത്തിൽ താൽക്കാലിക വർധനവ് അനിവാര്യമാണെന്നും ഹർജിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള പാർക്ക്, തുറന്ന പ്രദേശം, മൈതാനങ്ങൾ, സ്റ്റേഡിയം അല്ലെങ്കിൽ മറ്റേതെങ്കിലും സമാനമായ സ്ഥലങ്ങൾ ശ്‌മശാനമായി മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാനുള്ള നിർദേശങ്ങളും തേടിയിട്ടുണ്ട്. പ്രാഥമിക തയ്യാറെടുപ്പുകളുടെ അഭാവം മൂലമാണ് മൃതദേഹങ്ങൾ വലിച്ചെറിയപ്പെടുകയും വലിയ ശ്‌മശാനങ്ങളിൽ ശവസംസ്‌കാരത്തിനായി ഉയർന്ന തുക ഈടാക്കുകയും ചെയ്യുന്നുവെന്നും ഹർജിയിൽ പറയുന്നു. മോർച്ചറികളിലും മൃതദേഹങ്ങൾ തിങ്ങിനിറയുന്ന അവസ്ഥയാണ്. ശവസംസ്‌കാരത്തിൽ പങ്കെടുക്കുന്ന കുടുംബാംഗങ്ങൾക്കുള്ള പിപിഇ കിറ്റുകൾ, മരിച്ചവരുടെ അന്ത്യകർമങ്ങൾ നടത്തുന്നതിന് ആവശ്യമായ തടികളും മറ്റ് അവശ്യ വസ്തുക്കളും കൃത്യമായി വിതരണം ചെയ്യണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്.