ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതി നിർത്തലാക്കാനോ താൽക്കാലികമായി നിർത്തിവയ്ക്കാനോ ആവശ്യപ്പെടുന്ന ഹർജി മെയ് 17ന് പരിഗണിക്കും. ഡൽഹി ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവുകൾക്ക് അനുസൃതമായി സെൻട്രൽ വിസ്ത പദ്ധതിയുടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തലാക്കാനോ താൽക്കാലികമായി നിർത്തിവയ്ക്കാനോ ആവശ്യപ്പെടുന്ന ഹർജിയാണ് ഡൽഹി ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജാസ്മീത് സിങ് എന്നിവരടങ്ങിയ ബഞ്ച് ചൊവ്വാഴ്ചയാണ് ഹർജി പരിഗണിക്കുന്നത് മെയ് 17 ലേക്ക് മാറ്റിയത്. പദ്ധതിയുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ജനങ്ങളുടെ ജീവിതത്തിന് വെല്ലുവിളിയാണെന്ന് പരാതിക്കാരായ അനിയ മൽഹോത്ര, സൊഹൈൽ ഹാഷ്മി എന്നിവർ പറഞ്ഞു.
2020 ഡിസംബറിലാണ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഡൽഹിയിലെ 86 ഏക്കർ ഭൂമി നവീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രാജ്പഥ്, പാർലമെന്‍റ് മന്ദിരം, രാഷ്ട്രപതി ഭവൻ, ഇന്ത്യ ഗേറ്റ്, നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, ശാസ്ത്ര ഭവൻ, ഉദ്യോഗ് ഭവൻ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. പുതിയ പാർലമെന്‍റ് കെട്ടിടം, കേന്ദ്ര സർക്കാർ ഓഫീസുകൾക്കുള്ള ഒരു പൊതു സെക്രട്ടറിയേറ്റ്, പ്രധാനമന്ത്രിയുടെ ഓഫിസ്, താമസസ്ഥലം, പ്രത്യേക സംരക്ഷണ കെട്ടിടം, വൈസ് പ്രസിഡന്‍റ് എൻക്ലേവ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
സെൻട്രൽ വിസ്ത പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രീംകോടതിയിൽ വിവിധ സംഘടനകൾ ഹർജി നൽകിയിരുന്നു. എന്നാൽ പുതിയ പാർലമെന്‍റ് മന്ദിരം ഉൾപ്പെടെയുള്ള സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണവുമായി കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനെ തുടർന്ന് 2021 ജനുവരി അഞ്ച് മുതൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.