ന്യൂഡല്‍ഹി: ഹോട്ടല്‍ മുറികള്‍ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാനുള്ള ഡല്‍ഹി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്വയം ഭരണസ്ഥാപനങ്ങള്‍, കോർപ്പറേഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ ചികിത്സയ്ക്കായി ഹോട്ടലുകളുമായി ബന്ധമുള്ള നാല് ആശുപത്രികൾ ഉടന്‍ തയ്യാറാക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. ഏപ്രില്‍ 27നാണ് ഡല്‍ഹി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിര്‍ദേശമിറക്കിയത്. ഓർത്തോപീഡിക് സർജൻ കൗശൽ കാന്ത് മിശ്ര അഭിഭാഷകൻ പൂജ ധാർ മുഖേനയാണ് ഹര്‍ജി നൽകിയിരിക്കുന്നത്.
Also Read: ഡൽഹിയിലെ ലോക്ക്ഡൗണിന് പിന്തുണയുമായി വ്യാപാരി സംഘടനകൾ
ഹോട്ടൽ ജിഞ്ചർ, വിവേക് വിഹാർ എന്നിവിടങ്ങളിലായി 70 മുറികൾ, ഹോട്ടൽ പാർക്ക് പ്ലാസയില്‍ 50 മുറികൾ, ഷഹദ്ര, ഹോട്ടൽ ലീല ആംബിയൻസ്, സിബിഡി ഗ്രൗണ്ട് എന്നിവിടങ്ങളിലായി 50 മുറികൾ എന്നിവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിലാണ് പ്രത്യേക ക്ലാസ് വ്യക്തികൾക്കായി ഹോട്ടലുകള്‍ ഏര്‍പ്പെടുത്തിയത്. ഇത്തരം ഉത്തരവുകള്‍ ഇന്ത്യയുടെ ഭരണഘടനാ ധാർമ്മികതയെ അപമാനിക്കുന്നതാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും.