മുംബൈ (മഹാരാഷ്‌ട്ര): മനുഷ്യക്കടത്ത് ആരോപിച്ച് നാല് ദിവസം ഫ്രാൻസിൽ തടങ്കലിൽ ആയിരുന്ന വിമാനം ഇന്ത്യക്കാരുൾപ്പെടെ 276 യാത്രക്കാരുമായി (ഡിസംബർ 26) മുംബൈയിൽ ലാന്‍ഡ് ചെയ്‌തു. എയർബസ് എ 340 എന്ന വിമാനം പുലർച്ചെ 4 നാണ് മുംബൈയിൽ ഇറക്കിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻ സമയം തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2.30 ഓടെ ഫ്രാൻസിലെ പാരീസിനടുത്തുള്ള വാത്രി വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്.
ഫ്രഞ്ച് അധികൃതർ പറയുന്നതനുസരിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്‌ത പ്രായപൂർത്തി ആവാത്ത 11 പേർ ഉൾപ്പടെ 303 യാത്രക്കാരാണ് വിമാനത്തിൽ വന്നിറങ്ങിയത്. 276 പേർ മാത്രമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. പ്രായപൂർത്തിയാകാത്തവരിൽ 2 പേർ ഉൾപ്പടെ ബാക്കി 25 യാത്രക്കാർ അഭയം വേണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിൽ തന്നെ തുടരുകയാണ്. കേസിൽ ഉൾപ്പെട്ടു എന്ന് സംശയിക്കുന്ന രണ്ട് പേരെ കസ്റ്റഡിയിൽ എടുത്ത് ജഡ്‌ജിക്ക് മുൻപിൽ ഹാജരാക്കി.
റൊമാനിയൻ ചാർട്ടർ കമ്പനിയായ ലെജൻഡ് എയർലൈൻസിന്‍റെ ഉടമസ്ഥതയിലുള്ള വിമാനം വ്യാഴാഴ്‌ച ( ഡിസംബർ 21) ദുബായിൽനിന്ന് നിക്കരാഗ്വയിലേക്ക് പോകുകയായിരുന്നു. മനുഷ്യക്കടത്ത് നടക്കുന്നുവെന്ന സൂചനയെ തുടർന്ന് ഫ്രഞ്ച് പൊലീസ് ഇടപെട്ട് ഫ്രാൻസിലെ വ്രാതി വിമാനത്താവളത്തിൽ വിമാനം തടഞ്ഞുവയ്ക്കുകയായിരുന്നു.
മനുഷ്യക്കടത്ത് സംശയിച്ച്, സംഘടിത കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന യൂണിറ്റിനെ ഉപയോഗിച്ച് ഫ്രഞ്ച് അധികൃതര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിരുന്നു. ഫ്രാൻസിൽ കുടുങ്ങിയ യാത്രക്കാർക്കായി വ്രാതി വിമാനത്താവളത്തിൽ താത്കാലിക വിശ്രമത്തിന് വേണ്ടി കിടക്കകളും ,ബാത്ത് റൂം സൗകര്യവും ഭക്ഷണവും ഒരുക്കിയിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
നിക്കര്വാഗെ എന്നത് അമേരിക്കയിൽ അഭയം തേടാൻ ആഗ്രഹിക്കുന്നവരുടെ പ്രധാന സ്ഥലമാണ്.അമേരിക്കയിലേക്ക് നിക്കര്വാഗെ വഴി കടക്കുക എന്നതാണ് ഇവിടെ എത്തുന്നവരുടെ പ്രധാന ലക്ഷ്യം. യു. എസ് കസ്റ്റംസ് ആന്‍റ് ബോർഡർ പട്രോൾ വിഭാഗം നൽകുന്ന കണക്കുകൾ പ്രകാരം 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് 96,917 പേരാണ് അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. ഈ കണക്കുകൾ നോക്കുമ്പോൾ 2022 വർഷത്തെക്കാൾ 51.61 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
41,770 ഇന്ത്യക്കാരുടെയും ശ്രമം മെക്‌സിക്കൻ അതിർത്തി വഴി അമേരിക്കയിലേക്ക് കടക്കാനായിരുന്നുവെന്ന് കസ്റ്റംസ് ആന്‍റ് ബോർഡറിന്‍റെ ( സി. പി. ബി) കണക്കുകളിൽ വ്യക്തമാകുന്നു.നിക്കരാഗ്വയിലേക്കോ യാത്രാ രേഖകൾ ലഭിക്കാൻ വളരെ എളുപ്പമുള്ള മറ്റ് മൂന്നാം ലോക രാജ്യങ്ങളിലേക്കോ ഉള്ള വിമാനങ്ങളെ 'ഡങ്കി' ഫ്ളൈറ്റുകൾ എന്നാണ് വിളിക്കുന്നത്.