ന്യൂഡൽഹി : സംവിധായിക ലീന മണിമേഖലയുടെ പുതിയ ഡോക്യുമെന്‍ററിയുടെ പോസ്റ്ററിനെച്ചൊല്ലി വിവാദം. കാളീദേവിയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം ശക്തമാകുന്നത്. ജൂലൈ 2ന് സംവിധായിക പങ്കുവച്ച 'കാളി' എന്ന ഡോക്യുമെന്‍ററിയുടെ പോസ്റ്ററിൽ, കാളീദേവിയുടെ വേഷത്തില്‍ സ്ത്രീ സിഗരറ്റ് വലിക്കുന്നത് കാണാം. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തെ പ്രതിനിധീകരിക്കുന്ന കൊടിയുമുണ്ട്.
ഇത് കാളീദേവിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. സംവിധായികക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഹിന്ദു സമൂഹത്തിന്‍റെ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്ന ഡോക്യുമെന്‍ററി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകൻ ജിൻഡാൽ പൊലീസിൽ പരാതി നൽകി.
ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ആസൂത്രിതവും ദുരുദ്ദേശപരവുമായ പ്രവൃത്തിയാണിതെന്നും ഐപിസി സെക്ഷൻ 295A, 298, 505, 34, ഐടി ആക്‌ട് 67 വകുപ്പുകൾ പ്രകാരം ഇത് കുറ്റകരമാണെന്നും ജിൻഡാൽ പരാതിയിൽ പറയുന്നു. ഹിന്ദുക്കൾക്ക് ഉണ്ടാക്കുന്ന അപകീർത്തി കണക്കിലെടുത്ത് ഡോക്യുമെന്‍ററിയുടെ ആക്ഷേപകരമായ വീഡിയോ ക്ലിപ്പും ഫോട്ടോയും ഇന്‍റർനെറ്റിൽ നിന്ന് ഉടൻ തന്നെ നീക്കം ചെയ്യണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഒരു ദിവസം വൈകുന്നേരം കാളീദേവി പ്രത്യക്ഷപ്പെട്ട് ടൊറന്‍റോയിലെ തെരുവുകളിലൂടെ നടക്കുമ്പോഴത്തെ സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണ് ഡോക്യുമെന്‍ററിയുടെ ഇതിവൃത്തമെന്ന് മണിമേഖല പറഞ്ഞതായി ഒരു തമിഴ് വാർത്താപോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു.
'എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഇഷ്‌ടം. അതിന്‍റെ വില എന്‍റെ ജീവനാണെങ്കിൽ അത് നൽകാം'. സമൂഹമാധ്യമങ്ങളിലെ ആക്രമണത്തിൽ പ്രതികരിച്ച് ലീന ട്വീറ്റ് ചെയ്തു.