ചെന്നൈ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിന്‍റെ പെട്ടന്നുള്ള ഇടപെടല്‍ മൂലം രക്ഷപ്പെട്ടത് 104 പേരുടെ ജീവന്‍. ജൂണ്‍ രണ്ടിന് രാത്രി ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറന്നുയരാന്‍ തുടങ്ങുമ്പോഴാണ് വിമാനത്തില്‍ എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ വിമാനം റണ്‍വേയില്‍ നിര്‍ത്തി വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു.
പുഷ് ബാക്ക് ട്രാക്‌ടറുകളെത്തിയാണ് വിമാനം റണ്‍വെയില്‍ നിന്ന് മാറ്റിയത്. ആറ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഉള്‍പ്പടെ 104 പേര്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നു. അറ്റകുറ്റപ്പണികള്‍ കാരണം വിമാനത്തിന്‍റെ യാത്ര വൈകിയതിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരും എയര്‍പോര്‍ട്ട് അധികൃതരും തമ്മില്‍ വാക്ക് തര്‍ക്കത്തിനുമിടയായി.
അറ്റകുറ്റപണികള്‍ക്ക് പിന്നാലെ ജൂണ്‍ മൂന്നിന് പുലര്‍ച്ചെ രണ്ട് മണിക്ക് വിമാനം പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ യാത്രക്കാരെ എയര്‍പോര്‍ട്ട് ലോഞ്ചിലാണ് അധികൃതര്‍ മാറ്റിയിരുന്നത്. എന്നാല്‍ അറ്റകുറ്റപണികള്‍ നീണ്ട് പോയത് മൂലം സമയം പുനഃക്രമീകരിക്കുകയായിരുന്നു.
പുലര്‍ച്ചെ നാല് മണിക്ക് ഷെഡ്യൂള്‍ ചെയ്‌ത വിമാനം വീണ്ടും ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയിലേക്ക് പുനഃക്രമീകരിച്ചതാണ് യാത്രക്കാരെ ചൊടിപ്പിച്ചത്.