ലഖ്‌നൗ: മതപരിവർത്തനത്തിനെതിരായ ഉത്തർപ്രദേശ് സർക്കാർ ഓർഡിനൻസിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു. ഹർജി കോടതി ഇതുവരെ അംഗീകരിച്ചിട്ടില്ല.
മതപരിവർത്തനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തർ പ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) ധാർമ്മികമായും ഭരണഘടനാപരമായും അസാധുവാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ സൗരഭ് കുമാറാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് നിർബന്ധിത മതപരിവർത്തനം കുറ്റകരമാക്കി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. പ്രലോഭിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും മതം മാറ്റുന്നത് ഓർഡിനൻസ് പ്രകാരം കുറ്റകരമാക്കി.
വിവാഹം കഴിക്കുന്നതിന് വേണ്ടി മാത്രമായി നടത്തുന്ന മതപരിവർത്തനങ്ങൾ കുറ്റകരമായി പ്രഖ്യാപിക്കുന്ന തരത്തിലാണ് നിയമം പ്രഖ്യാപിച്ചത്. കൂടാതെ വിവാഹം കഴിഞ്ഞതിന് ശേഷം മതപരിവർത്തനം നടത്താൻ ആഗ്രഹിക്കുന്നവർ ഇക്കാര്യം രണ്ടുമാസം മുമ്പെങ്കിലും കലക്ടറെ അറിയിക്കണമെന്നും ഓർഡിനൻസിൽ പറയുന്നു.
നിയമം ലംഘിച്ചാൽ പത്തുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പുതിയ നിയമം അനുസരിച്ച് കേസ് എടുത്താൽ ജാമ്യം ലഭിക്കില്ല.