ന്യൂഡൽഹി: രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർധനവ്. രാജ്യത്തുടനീളം പെട്രോൾ ലിറ്ററിന് 30 മുതൽ 40 പൈസ വരെയാണ് വർധിച്ചത്. ഡൽഹിയിൽ പെട്രോൾ വില 30 പൈസ ഉയർന്നതോടെ ലിറ്ററിന് 101.84 രൂപയായി. അതേ സമയം ഡീസൽ വില ലിറ്ററിന് 89.87 രൂപയാണ്. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 107.85 ആയി. ഡീസൽ വില 97.45 ആണ്.
രാജ്യത്തെ മെട്രോ നഗരങ്ങളിലെല്ലാം തന്നെ ഇതിനകം പെട്രോൾ വില 100 കടന്നിട്ടുണ്ട്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചാൽ ഇന്ത്യയിൽ ഇനിയും വിലവർധനവുണ്ടാകുമെന്ന് ഓയിൽ മാർക്കറ്റിങ് കമ്പനികൾ അറിയിച്ചു.
കേരളത്തിലെ ഇന്ധനവില
സംസ്ഥാനത്ത് പെട്രോളിന് 30 പൈസയാണ് വര്‍ധിച്ചത്. എന്നാൽ ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 103.95 രൂപയും കൊച്ചിയില്‍ 102.06 രൂപയുമായി.
ഇന്ധനവില നിശ്ചയിക്കുന്നത്
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ- രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്ത് ഇന്ധനവില നിർണയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ആഗോള ക്രൂഡ് ഓയിൽ വില ഇടിയുകയും ഡോളർ വിനിമയ നിരക്ക് ഉയരുകയും ചെയ്തു. ഒരു ബാരൽ ക്രൂഡ് ഓയിലിന് ഇന്ന് 73.30 ഡോളറാണ് വില. 74.91 രൂപയിലാണ് ഡോളർ വിനിമയം നടക്കുന്നത്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുമ്പോഴും രാജ്യത്ത് പെട്രോൾ വില ഉയരുന്നതില്‍ വലിയ പ്രതിഷേധമാണുള്ളത്.