ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും പെട്രോള്‍ വില വര്‍ധിപ്പിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാർ നിരക്ക് പരിഷ്കരണം പുനരാരംഭിച്ചതോടെയാണ് ബുധനാഴ്ച തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില ഉയർന്നത്. വിജ്ഞാപന പ്രകാരം പെട്രോൾ വില ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് വർധിപ്പിച്ചത്. ദേശീയ തലസ്ഥാനത്തെ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 90.74 രൂപയും ഡീസലിന് ലിറ്ററിന് 81.12 രൂപയുമാണ്.
രാജ്യത്ത് 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പെട്രോള്‍, ഡീസല്‍ വില പരിഷ്‌ക്കരിച്ചത്. മെട്രോ നഗരങ്ങളില്‍ ഇന്നലെ പെട്രോള്‍ വില ലിറ്ററിന് 12 പൈസ മുതല്‍ 15 പൈസ വരെ ഉയര്‍ത്തിയപ്പോള്‍ ഡീസലിന് ലിറ്ററിന് 15 പൈസ മുതല്‍ 18 പൈസ വരെയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 15 പൈസ വര്‍ധിച്ചതോടെ ഒരു ലിറ്റര്‍ പെട്രോള്‍ വില 90.55 രൂപയായിയിരുന്നു. ഇന്ന് വീണ്ടും നിരക്ക് വര്‍ധിപ്പിച്ചതോടെയാണ് രാജ്യ തലസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 90.74 രൂപയായത്.